ഡൽഹി: തെക്കൻ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. ലോകേഷ് ബജാജ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇയാളുടെ വീടുകളടക്കം ഒന്നിലധികം സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഹോട്ടലിന് ഫയർ സേഫ്റ്റി ക്ലിയറൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ കൂടുതൽ നിലകൾ നിർമിച്ചാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ 21 പേരാണ് മരിച്ചത്. മരിച്ചവരിൽ ഏറെയും വിദേശികളാണെന്നാണ് വിവരം. തീപിടിത്തത്തിൽ മരിച്ച വിദേശികളുടെ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് എക്സിൽ ഇട്ട കുറിപ്പിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വിവിധ എംബസികളുമായി ബന്ധപ്പെടുന്നതു സംബന്ധിച്ച വിവരം പങ്കുവച്ചു.
ഫ്ലറിഷ് സ്റ്റേ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമം ലംഘിച്ചാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഹോട്ടലിന് ഡൽഹി സർക്കാർ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതി പ്രകാരമാണ് അനുമതി നൽകിയിരുന്നത്. ഈ പദ്ധതിയിൽ ആറു മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഫ്ലറിഷ് സ്റ്റേയിൽ 25 മുറികളുണ്ടായിരുന്നു എന്നാണ് വിവരം. ബേസ്മെന്റിലും ചില മുറികളുണ്ടായിരുന്നു.
തീപിടിത്തത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രക്ഷപ്പെടാൻ ഒരു യുവതി കുഞ്ഞുമായി മൂന്നാം നിലയിൽനിന്നു താഴേക്കു ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീഴ്ചയിൽ ഇരുവർക്കും പരുക്കേറ്റതായും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.