ഹൂസ്റ്റൺ: രാജ്യസഭാംഗവും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണിക്കും ഭാര്യ നിഷ ജോസിനും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ കോർപ്പറേറ്റ് ഓഫീസിൽ സ്വീകരണം നൽകി.
ജോസ് കെ. മാണിക്ക് ഇതിനുമുൻപും ചേംബർ സ്വീകരണം നൽകിയിട്ടുണ്ട്. ഇത്തവണയും വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര കൂട്ടായ്മയായി മാറി.
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, ഫോമാ, പ്രവാസി കേരള കോൺഗ്രസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. വിവിധ സാമൂഹിക, സാംസ്കാരിക, ബിസിനസ് സംഘടനകളുടെ പ്രതിനിധികളും ചേംബർ അംഗങ്ങളും കമ്യൂണിറ്റി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചേംബർ ഫിനാൻസ് ഡയറക്ടർ സണ്ണി കാരിക്കൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. നിശബ്ദ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ ചേംബർ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ സ്വാഗതം ആശംസിച്ചു. ചേംബർ പ്രസിഡന്റ് ഡോ. ജോർജ് കാക്കനാട്ട് അധ്യക്ഷ പ്രസംഗം നിർവഹിച്ചു.
ജോസ് കെ. മാണിയുടെ രാഷ്ട്രീയ-പൊതുപ്രവർത്തനത്തെയും പിതാവ് കെ. എം. മാണിയുടെ പാരമ്പര്യം അദ്ദേഹം മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രയാണത്തെയും ഡോ. കാക്കനാട്ട് അനുസ്മരിച്ചു.
തുടർന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, പ്രവാസി കേരള കോൺഗ്രസ് പ്രതിനിധി തോമസ് ചെറുകര, സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ചേംബർ വൈസ് പ്രസിഡന്റ് ജോമോൻ ഇടയാടിയിൽ, ഷാജി എഡ്വേർഡ്, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, ഫോമാ മുൻ പ്രസിഡന്റ് ബേബി ഊരാളിൽ, ജെയിംസ് വെട്ടിക്കാനാൽ, നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാലച്ചേരി എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിന്റെ ഭാഗമായി ഡോ. ജോർജ് കാക്കനാട്ടിന്റെ "വിശ്വാസത്തിന്റെ ഏഴ് വാതിലുകൾ' എന്ന പുതിയ പുസ്തകം ചടങ്ങിൽ പരിചയപ്പെടുത്തി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ സെക്രട്ടറി അനിൽ ആറന്മുളയാണ് പുസ്തകപരിചയം നിർവഹിച്ചത്.