സിയൂൾ: ബഹിരാകാശത്ത് വഴിതെറ്റി അലഞ്ഞുതിരിഞ്ഞ കൂറ്റൻ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങിയതിനെത്തുടർന്ന് ചന്ദ്രോപരിതലത്തിൽ വൻ ഗർത്തം രൂപപ്പെട്ടതായി റിപ്പോർട്ട്. ഏകദേശം 60 അടി വീതിയും 12 അടി ആഴവുമുള്ള ഗർത്തമാണു രൂപപ്പെട്ടതെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വിലയിരുത്തുന്നു.
സ്പേസ് എക്സിന്റെ ‘ഫാൽക്കൺ 9’ റോക്കറ്റിന്റെ നാലു ടൺ ഭാരമുള്ള മുൻഭാഗമാണ് മണിക്കൂറിൽ 8,690 കിലോമീറ്റർ വേഗതയിൽ ചന്ദ്രോപരിതലത്തിൽ പതിച്ചത്. ഈ കൂട്ടിയിടിയുടെ തൊട്ടുമുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യ പേടകമായ ‘ദാനുരി’ വിജയകരമായി കാമറയിൽ പകർത്തി.
2025 ജനുവരി 15നാണ് യുഎസ് കമ്പനിയായ ഫയർഫ്ലൈ എയ്റോസ്പേസിന്റെ ‘ബ്ലൂ ഗോസ്റ്റ്’, ജാപ്പനീസ് കമ്പനിയായ ഐസ്പേസിന്റെ ‘റെസിലിയൻസ്’ എന്നീ ലൂണാർ ലാൻഡറുകളുമായി സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. ദൗത്യം പൂർത്തിയായതോടെ ആവശ്യത്തിന് ഇന്ധനമില്ലാതെ വന്ന റോക്കറ്റ് ഭാഗം ഭൗമാന്തരീക്ഷത്തിനും ചന്ദ്രനുമിടയിൽ ലക്ഷ്യമില്ലാതെ കറങ്ങിനടക്കുകയായിരുന്നു.
ഒടുവിൽ സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടെയും ഗുരുത്വാകർഷണ ബലത്തിൽപ്പെട്ട് ഇതു ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുകയായിരുന്നു. അഞ്ചുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ റോക്കറ്റ് ഭാഗം മണിക്കൂറിൽ 8,700 കിലോമീറ്റർ (സെക്കൻഡിൽ 2.4 കിലോമീറ്ററിലധികം) വേഗത്തിലാണ് ചന്ദ്രന്റെ വടക്കൻ അർധഗോളത്തിലെ ഐൻസ്റ്റീൻ ഗർത്തത്തിനു സമീപം പതിച്ചത്.
സങ്കീർണ ഫോട്ടോഗ്രഫി
ചന്ദ്രോപരിതലത്തിൽനിന്ന് 340 മുതൽ 350 വരെ കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന ദാനുരി പേടകം, റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നതിന് 33 മിനിറ്റ് മുന്പ് ആദ്യ ചിത്രമെടുത്തു. തുടർന്ന് കൂട്ടിയിടിക്കുശേഷമുള്ള ഏഴു ചിത്രങ്ങൾക്കൂടി പേടകം പകർത്തി. ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി കാമറ കേന്ദ്രീകരിക്കുകയെന്നത് തികച്ചും സങ്കീർണമായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ എയ്റോസ്പേസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
ഗവേഷകർക്കു ലഭിച്ച അപൂർവ അവസരം
ഉൽക്കാപതനങ്ങൾ മൂലം ചന്ദ്രനിലുണ്ടാകുന്ന മാറ്റങ്ങളാണ് ശാസ്ത്രജ്ഞർ സാധാരണയായി പഠിക്കാറുള്ളത്. എന്നാൽ കൃത്യമായ ഭാരവും വേഗതയുമുള്ള ഒരു കൃത്രിമ വസ്തു ചന്ദ്രനിൽ ഇടിക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന് നേരിട്ട് നിരീക്ഷിക്കാൻ ശാസ്ത്രലോകത്തിനു ലഭിച്ച അപൂർവ അവസരമാണിത്.
നാസയുടെ ലൂണാർ റീകണസെൻസ് ഓർബിറ്ററിന് ആ സമയത്ത് നിരീക്ഷിക്കാൻ സാധിക്കാതിരുന്ന ഭാഗത്തിന്റെ ദാനൂരി പേടകം പകർത്തിയ കൃത്യതയാർന്ന ചിത്രങ്ങളെ ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ അഭിനന്ദിച്ചു.