അസ്താന (കസാക്കിസ്ഥാൻ): നാസയുടെ ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഉൾപ്പെടുന്ന ദൗത്യസംഘം ഇന്നു ബഹിരാകാശത്തേക്ക് യാത്രയാകും.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിലാണ് റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിക്കുക. ഇന്ന് പ്രാദേശിക സമയം രാത്രി 7.47നാണ് (ഇന്ത്യൻ സമയം രാത്രി 8.17) കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് പേടകത്തിന്റെ വിക്ഷേപണം. ഒറ്റപ്പാലത്ത് വേരുകളുള്ള ഇന്ത്യന്‍ വംശജനായ 49 കാരൻ അനില്‍ മേനോന് നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്.
‘സോയൂസ് എംഎസ്-29’ പേടകത്തിന്റെ വിക്ഷേപണത്തിന്റെയും പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നതിന്റെയും (ഡോക്കിംഗ്) തത്സമയ ദൃശ്യങ്ങൾ നാസ പ്ലസ്, ആമസോൺ പ്രൈം, നാസയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും.
വിക്ഷേപണത്തിനുശേഷം മൂന്നു മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ പേടകം സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ ബഹിരാകാശ നിലയത്തിന്റെ ‘പ്രിചാൽ’ മൊഡ്യൂളുമായി ബന്ധിപ്പിക്കും. തുടർന്ന് പേടകത്തിന്റെ വാതിലുകൾ തുറന്ന് ഇവർ ബഹിരാകാശ നിലയത്തിലേക്കു പ്രവേശിക്കും. നിലവിൽ അവിടെയുള്ള നാസയുടെയും യുറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും റഷ്യയുടെയും സഞ്ചാരികൾക്കൊപ്പം ഈ മൂവർസംഘവും ചേരും.
ദൗത്യം എട്ടു മാസം
നാസയുടെ എക്സ്പെഡിഷൻ 74/75 ദൗത്യങ്ങളുടെ ഭാഗമായി എട്ടു മാസമായിരിക്കും അനിൽ മേനോൻ ബഹിരാകാശത്തു ചെലവഴിക്കുക. 2027 ഏപ്രിലിലായിരിക്കും ഭൂമിയിലേക്ക് മടങ്ങിയെത്തുക.
ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അനിൽ മേനോന് വിവിധ പരീക്ഷണങ്ങള്‍ നടത്തും.
ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണവും നടത്തും. ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ഈ സാങ്കേതികവിദ്യ വളരെ നിര്‍ണായകമായി മാറിയേക്കാം. ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകളും മേനോന് നടത്തും.