ചങ്ങനാശേരി: പാറേല്‍ മര്‍ത്ത് മറിയം പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ സ്മരണാര്‍ഥം ഭാരതീയ തപാല്‍ വകുപ്പിന്റെ പുതിയ തപാല്‍ കവര്‍ പ്രകാശനം ചെയ്തു.
മര്‍ത്ത്മറിയം ബസിലിക്ക അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ സ്റ്റാമ്പിന്റെ പ്രകാശനം കൊച്ചി സെന്‍ട്രല്‍ റീജണ്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലാദേവി നിര്‍വഹിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു.
സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ തോമസ് പാടിയത്ത്, വിനു ജോബ് എംഎല്‍എ, റെജി ചെറിയാന് എംഎൽഎ എന്നിവര്‍ സന്നിഹിതരായിരുന്നു.
പുതിയ തപാല്‍ കവര്‍ ബസിലിക്കയുടെ ഓഫീസില്‍നിന്നും ലഭിക്കും. കവറിനുള്ളില്‍ പള്ളി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ശേഖരിച്ച കല്ലുകള്‍ പൊട്ടിച്ച പാറപ്പൊടിയും പാറേല്‍ മാതാവിന്റെ സ്റ്റാമ്പും ഉണ്ടാകും. കവറിനു പിന്നില്‍ പള്ളിയെക്കുറിച്ച് ലഘുവിവരണം രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യം പുറത്തിറക്കുന്ന കോപ്പികള്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അധിക കോപ്പികള്‍ അച്ചടിക്കാനോ പുറത്തിറക്കാനോ സാധിക്കില്ല എന്നുള്ളതാണ് ഈ പ്രത്യേക കവറിന്റെ പ്രാധാന്യം.