Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialStory

Sunday Special

ക​ണ്ണ​ന്‍റെ ക​രി​വീ​ര​ന്മാ​ർ​ക്ക് സു​ഖ​ചി​കി​ത്സ 

തോ​രാ​മ​ഴ പെ​യ്ത് അ​ക​വും പു​റ​വും ത​ണു​ക്കു​ന്ന മി​ഥു​നം, ക​ർ​ക്ക​ട​ക​മാ​ണ്   ആ​ന​ക​ൾ​ക്കും  ചി​കി​ത്സാ​കാ​ലം. ഗു​രു​വാ​യൂ​ർ പു​ന്ന​ത്തൂ​ർ കോ​ട്ട​യി​ലെ 35   ഗ​ജ​വീ​ര​ന്മാ​ർ  ഈ ​മാ​സം സു​ഖ​ചി​കി​ത്സ​യി​ലാ​ണ്. ആ​ന​ക​ളു​ടെ ആ​യു​രാ​രോ​ഗ്യ​ത്തി​ന്  ജൂ​ലൈ ഒ​ന്നു മു​ത​ൽ 30 വ​രെ ചി​ട്ട​യി​ലാ​ണ് ചി​കി​ത്സ. ആ​ന​ക​ളു​ടെ തൂ​ക്ക​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഒൗ​ഷ​ധ​ക്കൂ​ട്ടു​ക​ൾ ചേ​ർ​ത്ത ഭ​ക്ഷ​ണ​ക്ര​മം നി​ശ്ച​യി​ക്കു​ന്ന​ത്. ആ​ന​യൊ​ന്നി​ന് ശ​രാ​ശ​രി  മൂ​ന്ന് കി​ലോ അ​രി​യു​ടെ ചോ​റി​നൊ​പ്പം ചെ​റു​പ​യ​ർ, മ​ഞ്ഞ​ൾ​പ്പൊ​ടി, ച്യ​വ​ന​പ്രാ​ശം, മി​ന​റ​ൽ മി​ക്സ്ച​ർ, ടോ​ണി​ക് എ​ന്നി​വ പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്താ​ണ് മ​രു​ന്നു​രു​ള ത​യാ​റാ​ക്കു​ന്ന​ത്. 

ക​രി​ദേ​ഹ​മാ​കെ ന​ന​ച്ച്,  ക​ല്ലും ചെ​ത്തി മി​നു​ക്കി​യ ച​കി​രി​യും ഉ​പ​യോ​ഗി​ച്ച്  മൂ​ന്നു വീ​തം  പാ​പ്പാ​ന്മാ​രാ​ണ് തേ​ച്ചു കു​ളി​പ്പി​ക്കു​ക. ആ​ന​മേ​നി​യു​ടെ ഓ​രോ ഇ​ഞ്ചും ച​കി​രി​യും ക​ല്ലും എ​ത്തു​ന്ന​ത് അ​റി​യ​ണ​മെ​ന്ന​തി​നാ​ൽ  ഒ​രാ​ന​യെ  കു​ളി​പ്പി​ക്കാ​ൻ ചു​രു​ങ്ങി​യ​ത് മൂ​ന്നു  മ​ണി​ക്കൂ​ർ വേ​ണം. കു​ളി ക​ഴി​ഞ്ഞാ​ൽ പു​ല്ല്, പ​ന​ന്പ​ട്ട, വാ​ഴ​ത്ത​ണ്ട് തു​ട​ങ്ങി​യ​വ  ന​ൽ​കും. രാ​വി​ലെ ഏ​ഴോ​ടെ ചോ​റ് ത​യാ​റാ​ക്കി ഓ​രോ ആ​ന​യു​ടെ​യും പേ​രെ​ഴു​തി​യ  35 സ്റ്റീ​ൽ ബ​ക്ക​റ്റു​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു​വ​യ്ക്കും. ന​ന്നാ​യി ത​ണു​ത്ത​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​ന്ന​ത്തൂ​ർ കോ​ട്ട​യു​ടെ വ​ട​ക്കു​വ​ശ​ത്ത് നി​ര​യാ​യി നി​ർ​ത്തി പാ​പ്പാ​ന്മാ​ർ  ഒൗ​ഷ​ധ​ക്കൂ​ട്ട്  ഉ​രു​ള​ക​ളാ​ക്കി ആ​ന​വാ​യി​ൽ ന​ൽ​കും. മ​ദ​പ്പാ​ടി​ലു​ള്ള ആ​ന​ക​ൾ​ക്ക്  കെ​ട്ടു​ത​റ​യി​ൽ മ​രു​ന്നു​ചോ​റെ​ത്തി​ച്ച്  ന​ൽ​കു​ക​യും തു​ന്പി​ക്കൈ​യി​ൽ ത​നി​യെ  വാ​രി തി​ന്നു​ക​യു​മാ​ണ് പ​തി​വ്. 

ആ​ന​ക്കോ​ട്ട​യി​ലെ സു​ഖ​ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​ത് 38 വ​ർ​ഷം മു​ൻ​പാ​ണ്. പൂ​മു​ള്ളി നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ആ​വ​ണ​പ​റ​ന്പ് മ​ഹേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ഡോ.​കെ.​സി. പ​ണി​ക്ക​ർ, ഡോ.​രാ​ധാ​കൃ​ഷ്ണ കൈ​മ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട  വി​ദ​ഗ്ധ​സ​മി​തി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ്  ചി​കി​ത്സ​യു​ടെ തു​ട​ക്കം. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ക​ർ​ക്ക​ട​കം ഒ​ന്നി​ന് തു​ട​ങ്ങി 41  ദി​വ​സ​മാ​യി​രു​ന്നു  ചി​കി​ത്സ. പി​ന്നീ​ട്  ജൂ​ലൈ​യി​ലേ​ക്കു മാ​റ്റി.  


ചി​കി​ത്സ​യ്ക്ക് ഒ​ൻ​പ​തു ല​ക്ഷം

ഇ​ക്കൊ​ല്ലം ആ​ന​ചി​കി​ത്സ​യി​ലേ​ക്ക് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്  ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​രി 3150 കി​ലോ, ചെ​റു​പ​യ​ർ 1050 കി​ലോ, റാ​ഗി 1050 കി​ലോ, മ​ഞ്ഞ​ൾ​പ്പൊ​ടി 105 കി​ലോ, ഉ​പ്പ് 105 കി​ലോ, അ​ഷ്‌​ട​ചൂ​ർ​ണം 105 കി​ലോ, ച്യ​വ​ന​പ്രാ​ശം 262.5 കി​ലോ, മി​ന​റ​ൽ മി​ക്സ​ച​ർ 262.5 കി​ലോ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഇ​ന​ങ്ങ​ൾ. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഭാ​ര​മു​ള്ള നാ​ട്ടാ​ന​യാ​യ ന​ന്ദ​നും ആ​ന​പ്രേ​മി​ക​ളു​ടെ ഹ​ര​മാ​യ ഇ​ന്ദ്ര​സെ​ന്നും ഉ​ൾ​പ്പെ​ടെ 35 ആ​ന​ക​ളാ​ണ് കോ​ട്ട​യി​ലു​ള്ള​ത്. ഇ​തി​ൽ മൂ​ന്ന് പി​ടി​യാ​ന​ക​ളും ഒ​ന്ന്  മോ​ഴ ആ​ന​യു​മാ​ണ്. ആ​യു​ർ​വേ​ദ​വും അ​ലോ​പ്പ​തി​യും സ​മീ​ക​രി​ച്ച് ഓ​രോ ആ​ന​യു​ടെ​യും ഘ​ട​ന വി​ല​യി​രു​ത്തി​യാ​ണ്  ചി​കി​ത്സ ന​ൽ​കു​ന്ന​ത്.
വേ​ന​ൽ​ക്കാ​ല​ത്തെ  ഉ​ത്സ​വ​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ക്ഷീ​ണം മാ​റ്റു​വാ​നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നും  ആ​വി​ഷ്ക​രി​ച്ച​താ​ണ്  സു​ഖ​ചി​കി​ത്സ​യെ​ന്ന്  ദേ​വ​സ്വം ആ​ന പ​രി​പാ​ല​ന വി​ദ​ഗ്ധ​സ​മി​തി​യം​ഗം ഡോ.​കെ. വി​വേ​ക് പ​റ​ഞ്ഞു. പ​തി​വ് തീ​റ്റ​ക​ൾ​ക്ക് പു​റ​മെ  സ​മീ​കൃ​ത പോ​ഷ​കാ​ഹാ​രം, മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന  തേ​ച്ചു​കു​ളി, വി​ശ്ര​മം എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് സു​ഖ ചി​കി​ത്സ.  പ്രാ​യം, തൂ​ക്കം അ​ടി​സ്ഥാ​ന​ത്തി​ൽ  ത​രം​തി​രി​ച്ചാ​ണ് ഭ​ക്ഷ​ണ​ക്ര​മം.   ചി​കി​ത്സ​യ്ക്കു മു​ൻ​പ് ജൂ​ണി​ൽ  ആ​ന​ക​ളു​ടെ ര​ക്തം  പ​രി​ശോ​ധി​ക്കു​ക​യും തൂ​ക്കം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം  വി​ര​മ​രു​ന്ന് ന​ൽ​കും. ഒ​പ്പം ദ​ഹ​ന ശു​ദ്ധി​ക്കു​ള്ള  ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളും.  ചി​കി​ത്സ​യ്ക്കു​ശേ​ഷം  പ​രി​ശോ​ധ​ന​ക​ൾ ആ​വ​ർ​ത്തി​ക്കും.  ചി​കി​ത്സ ക​ഴി​യു​ന്പോ​ൾ ആ​ന​ക​ളി​ൽ  ശ​രീ​ര​ഭാ​ര​വ​ർ​ധ​ന ഉ​ണ്ടാ​കു​ന്ന​താ​യും ധാ​തു​ല​വ​ണ​ങ്ങ​ളു​ടെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​താ​യും കാ​ണാം.   ആ​ന​ക​ളു​ടെ അ​ഴ​കും ആ​യു​സും  ആ​രോ​ഗ്യ​വും  വ​ർ​ധി​ക്കു​ന്നു. ചി​കി​ത്സ​വ​ഴി മ​ദ​പ്പാ​ട് സ​മ​യ​വും ക്ര​മീ​ക​രി​ക്ക​പ്പെ​ടു​ന്നു.  ചി​കി​ത്സ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ  തൂ​ക്കം 200 മു​ത​ൽ 500 കി​ലോ വ​രെ കൂ​ടും.
എ​ഴു​ന്ന​ള്ളി​പ്പി​ൽ​നി​ന്നു​ള്ള വ​രു​മാ​നം  ഒ​രു മാ​സ​ത്തെ തീ​റ്റ​ച്ചെ​ല​വി​ന് തി​ക​യി​ല്ല. കോ​ട്ട കാ​ണാ​ൻ വ​രു​ന്ന​വ​രു​ടെ  പ്ര​വേ​ശ​ന ഫീ​സ്, പാ​ർ​ക്കിം​ഗ് ഫീ​സ് എ​ന്നി​വ​യൊ​ന്നും ചെ​ല​വി​ന്‍റെ അ​ടു​ത്തെ​ങ്ങും എ​ത്തി​ല്ല. ദേ​വ​സ്വം ബോ​ർ​ഡ് വ​ൻ​തു​ക​യാ​ണ് ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വ​ക​യി​രു​ത്തു​ന്ന​ത്. ഓ​രോ ആ​ന​യ്ക്കും മൂ​ന്നു വീ​തം പാ​പ്പാ​ൻ​മാ​രു​ണ്ട്.  ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ സ്കെ​യി​ലി​ൽ ശ​ന്പ​ളം, താ​മ​സ സൗ​ക​ര്യം, പെ​ൻ​ഷ​ൻ, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ക്കെ​യു​ണ്ട്.


അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ തു​റ​ന്ന കോ​ട്ട

ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ആ​ന​ക​ൾ  പു​ന്ന​ത്തൂ​ർ കോ​ട്ട​യി​ൽ വാ​സം തു​ട​ങ്ങി​യ​ത്  51  വ​ർ​ഷം മു​ൻ​പാ​ണ്. 1975 ജൂ​ണ്‍ 25ന് ​രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​നു പി​റ്റേ​ന്ന്  ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ശീ​വേ​ലി​ക്കു ശേ​ഷ​മാ​യി​രു​ന്നു  മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ല​മു​ള്ള  പു​തി​യ വാ​സ​സ്ഥ​ല​ത്തേ​ക്കു​ള്ള  ആ​ന​ക​ളു​ടെ  ഘോ​ഷ​യാ​ത്ര. ആ​ന​ക​ളെ ന​യി​ച്ച​ത് സാ​ക്ഷാ​ൽ ഗു​രു​വാ​യൂ​ർ കേ​ശ​വ​നാ​യി​രു​ന്നു. വ​ഴി​യോ​ര​ത്ത് ആ​ന​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ആ​ന​പ്രേ​മി​ക​ളു​ടെ വ​ൻ​സം​ഘ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് പു​ന്ന​ത്തൂ​ർ റോ​ഡി​ലൂ​ടെ കോ​ട്ട​യു​ടെ  ക​വാ​ട​ത്തി​ൽ ആ​ന​ക​ൾ​ക്ക് ക​ട​ക്കാ​ൻ പാ​ക​ത്തി​ൽ പു​തി​യൊ​രു  പാ​ലം പ​ണി​തി​രു​ന്നു.   ആ​ന​ത്ത​ല​വ​ൻ കേ​ശ​വ​ൻ  ര​ണ്ടു ത​വ​ണ ച​വി​ട്ടി  പാ​ല​ത്തി​ന്‍റെ ഉ​റ​പ്പു നോ​ക്കി​യ​തി​നു​ശേ​ഷം   ബാ​ക്കി ആ​ന​ക​ളും പാ​ലം ക​ട​ന്ന് കോ​ട്ട​യി​ലെ​ത്തി​യ​പ്പോ​ൾ വെ​ടി​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു അ​തി​ഥി​ക​ൾ​ക്ക് നാ​ട്ടു​കാ​രു​ടെ വ​ര​വേ​ല്പ്.  പു​ന്ന​ത്തൂ​ർ കോ​വി​ല​ക​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യി​രു​ന്ന പു​ന്ന​ത്തൂ​ർ കോ​ട്ട​യി​ലെ 9.75 ഏ​ക്ക​ർ സ്ഥ​ലം  1.60 ല​ക്ഷം രൂ​പ​യ്ക്ക് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം വാ​ങ്ങു​ക​യാ​യി​രു​ന്നു.  ഇ​പ്പോ​ൾ 18.5 ഏ​ക്ക​റി​ലേ​ക്ക് ആ​ന​ക്കോ​ട്ട വ​ള​ർ​ന്നി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​രി​ൽ ദേ​വ​സ്വ​ത്തി​ന്‍റെ വി​വി​ഐ​പി ഗ​സ്റ്റ്ഹൗ​സാ​യ ശ്രീ​വ​ത്സം സ്ഥി​തി​ചെ​യ്യു​ന്ന  സ്ഥ​ലം സാ​മൂ​തി​രി കോ​വി​ല​കം ആ​യി​രു​ന്നു. എ​ട്ടു​കെ​ട്ടും മാ​ളി​ക​യും കു​ള​പ്പു​ര​യും പ​ടി​പ്പു​ര​യും തെ​ങ്ങി​ൻ​തോ​ട്ട​വു​മു​ള്ള   പ​റ​ന്പി​ലാ​ണ് മു​ൻ​പ് ദേ​വ​സ്വ​ത്തി​ന്‍റെ ആ​ന​ക​ളെ കെ​ട്ടി​യി​രു​ന്ന​ത്. ന​ട​യ്ക്കി​രു​ത്തി​യ ആ​ന​ക​ളു​ടെ എ​ണ്ണം  25 ആ​യ​തോ​ടെ സ്ഥ​ല​പ​രി​മി​തി​ക്കു പ​രി​ഹാ​ര​മാ​യാ​ണ്  പു​ന്ന​ത്തൂ​ർ രാ​ജാ​ക്ക​ൻ​മാ​രു​ടെ ആ​സ്ഥാ​ന​മാ​യ  കോ​ട്ട​യും ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളും ര​ണ്ടു കു​ള​ങ്ങ​ളു​മു​ള്ള ഒ​ൻ​പ​തേ മു​ക്കാ​ൽ ഏ​ക്ക​ർ സ്ഥ​ല​ത്തേ​ക്കു​ള്ള മാ​റ്റം. ആ​ന​ക​ൾ​ക്ക് കു​ടി​ക്കാ​നും കു​ളി​ക്കാ​നു​മു​ള്ള വെ​ള്ളം ടാ​ങ്ക​ർ ലോ​റി​യി​ൽ എ​ത്തി​ക്കും. ഇ​പ്പോ​ൾ  പ്രാ​യം കൂ​ടി​യ ക​രി​വീ​ര​ൻ  1961 ൽ ​ന​ട​യ്ക്കി​രു​ത്തി​യ എ​ഴു​പ​തു​കാ​ര​ൻ രാ​ധാ​കൃ​ഷ്ണ​നാ​ണ്.  പ്രാ​യ​ക്കു​റ​വ് 2011ൽ ​ന​ട​യ്ക്കി​രു​ത്തി​യ ഇ​രു​പ​ത്തെ​ട്ടു​കാ​ര​ൻ അ​യ്യ​പ്പ​ൻ​കു​ട്ടി.  കോ​ട്ട​യി​ലെ മാ​ലി​ന്യം ദി​വ​സേ​ന ക​രാ​ടി​സ്ഥാ​ന​ത്തി​ൽ നീ​ക്കം ചെ​യ്യു​ന്നു. കോ​ട്ട​യി​ലെ ആ​ന​ക​ളു​ടെ എ​ണ്ണം 67 വ​രെ എ​ത്തി​യ കാ​ല​മു​ണ്ട്.പ​ത്തു കൊ​ല്ല​മാ​യി ഗു​രു​വാ​യൂ​ർ അ​ന്പ​ല​ന​ട​യി​ൽ  ഒ​രാ​ന​യെ​യും  ന​ട​യി​രു​ത്തി​യി​ട്ടി​ല്ല. നാ​ട്ടാ​ന പ​രി​പാ​ല​ന നി​യ​മം ക​ർ​ശ​ന​മാ​യ​തോ​ടെ ആ​ന​യെ ന​ട​യി​രു​ത്താ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല.  ആ​ന​യെ വ​ഴി​പാ​ട് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​പ്പോ​ൾ പ​ത്തു ല​ക്ഷം രൂ​പ ദേ​വ​സ്വ​ത്തി​ൽ അ​ട​ച്ച്  പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​യി​രു​ത്തു​ക​യാ​ണ്.

Latest News

Corehub Up