ഇന്ത്യൻ മണ്ണിൽ ചരിത്രം സൃഷ്ടിച്ച് ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ. ടോം ഹോളണ്ട് ചിത്രം തിയറ്ററുകളിൽ കുതിപ്പുതുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 72.44 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം ഇന്ത്യൻ ബോക്സ്ഓഫീസിൽനിന്നു സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രം എന്ന റെക്കോർഡ് ടോം ഹോളണ്ട്-സെൻഡയ ചിത്രം സ്വന്തമാക്കി.
ഷാരൂഖ് ഖാന്റെ പത്താൻ, രൺവീർ സിംഗിന്റെ ധുരന്ധർ, ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 തുടങ്ങിയ വൻകിട ഇന്ത്യൻ ചിത്രങ്ങളുടെയും അവഞ്ചേഴ്സ് എൻഡ്ഗെയിം (65 കോടി) സ്ഥാപിച്ച ആദ്യദിന റെക്കോർഡുകളുമാണ് സ്പൈഡർമാൻ മറികടന്നത്. ട്രേഡ് അനലസ്റ്റ് സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽനിന്നു മാത്രം 60.60 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ.
രാജ്യത്തുടനീളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 17000-ലേറെ പ്രദർശനങ്ങളാണു നടന്നത്. ഇംഗ്ലീഷ് പതിപ്പ് 32.25 കോടി രൂപ നെറ്റ് കളക്ഷൻ നേടിയപ്പോൾ, ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പ് 22 കോടി രൂപ നേടുകയും 95 ശതമാനത്തോളം തിയേറ്റർ ഒക്യുപൻസി രേഖപ്പെടുത്തുകയും ചെയ്തു. തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണമാണു സൃഷ്ടിക്കുന്നത്.
വരും ദിനങ്ങളിലും ഈ തരംഗം തുടരുകയാണെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമെന്ന ബഹുമതിയും സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ സ്വന്തമാക്കും.