വാത്സിംഗ്ഹാം: "മനുഷ്യരും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കുന്ന വാസസ്ഥലമാണ് ഭവനം. പാപം നിമിത്തം വിശുദ്ധി നഷ്ടപ്പെടുമ്പോൾ ഭവനങ്ങളും നശിക്കുന്നു' എന്ന് പ്രോട്ടോ സിഞ്ചെല്ലോസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് പറഞ്ഞു.
ഭവനങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തിന് നൽകേണ്ട സ്ഥാനവും ബഹുമാനവും വിശദീകരിച്ച അദ്ദേഹം, പാപം മൂലം ദൈവം ആദിമാതാപിതാക്കളെ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കിയ സംഭവം ഓർമ്മിപ്പിച്ചു.
വാത്സിംഗ്ഹാം തീർഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മരിയൻ പ്രഭാഷണത്തിലാണ് സഭാപണ്ഡിതൻ കൂടിയായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് സന്ദേശം നൽകിയത്.
ദൈവഹിതം അനുസരിച്ച് സർവവും ഉപേക്ഷിച്ചെത്തിയ അബ്രഹാമിന് ദൈവം പുതിയ ദേശവും ഭവനവും വാഗ്ദാനം നൽകുകയും വാഗ്ദത്തഭൂമിയിലേക്ക് ജനതയെ നയിക്കാനുള്ള ദൗത്യം ഏൽപ്പിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയമത്തിൽ, മനുഷ്യന് നഷ്ടപ്പെട്ട സ്വർഗീയ ഭവനം വീണ്ടെടുക്കുന്നതിനായി ദൈവം തന്റെ ഏകപുത്രനെ ഭൂമിയിലേക്ക് അയക്കാൻ തീരുമാനിക്കുകയും പരിശുദ്ധ മറിയത്തിന്റെ ഉദരത്തെ അവിടുത്തെ വാസസ്ഥലമാകുന്ന വിശുദ്ധ ഭവനമായി ഒരുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.