തൃശൂർ: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സ്പോൺസേർഡ് വിമാനയാത്രയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി വിജയനും ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ യാത്രയിലും മാറ്റം വേണമെന്നും മുരളീധരൻ പറഞ്ഞു.
വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം. സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിക്കൊള്ളും. തനിക്ക് ഇത്തരമൊരു വിമാനയാത്ര ഇപ്പോൾ നടത്തേണ്ട ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു. ശബരിമലയിലെ സ്വർണക്കിരീടം അവിടെയുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ കാര്യങ്ങൾ പരിശോധിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവിടെയെത്തി വിശദമായ റിപ്പോർട്ട് തയാറാക്കും. എഡിഎമ്മിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. മുറുക്കി പിടിക്കേണ്ടതിനെ മുറുക്കി പിടിക്കും. ശബരിമല സംബന്ധിച്ച് മുഖ്യമന്ത്രി തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ല.
ശബരിമലയിൽ പണത്തിന് യാതൊരു പഞ്ഞവുമില്ല. അഗ്രസീവായി സ്റ്റാൻഡ് എടുക്കേണ്ടിടത്ത് അങ്ങനെതന്നെ ചെയ്യും. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. 657 ഇനം മരുന്നുകൾ ആശുപത്രികളിൽ സ്റ്റോക്കുണ്ട്. ചിലർ ബ്ലാക്ക് സ്റ്റോക്ക് ഏജന്റുമാരായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ ഒരു മരുന്നിനും ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി.