തിരുവനന്തപുരം: കേരള സ്പോര്‍ട്സ് ജേണലിസ്റ്റ്സ് അസോസിയേഷന് (കെഎസ്ജെഎ) സംഘടിപ്പിക്കുന്ന സ്പോർട്സ് കോണ്‍ക്ലേവ് - സ്പോര്ടികോണ് നാളെ നടക്കും. തിരുവനന്തപുരം ടിഎന്‍ജി ഹാളിലാണ് പരിപാടി. ‘കേരള കായികരംഗം നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും’ എന്നതാണ് കോണ്‍ക്ലേവിലെ മുഖ്യ ചര്‍ച്ചാവിഷയം. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ മൂന്ന് സെഷനുകളിലായാണ് കോണ്‍ക്ലേവ്.
ഫുട്ബോള്‍, അത്ലറ്റിക്സ്, മറ്റ് കായിക ഇനങ്ങൾ എന്നിങ്ങനെയാണ് വിഷയക്രമീകരണം. ഉച്ച കഴിഞ്ഞ് 3.30 ന് നടക്കുന്ന ‘മീറ്റ് ദ ഏഷ്യന്‍ സ്റ്റാര്‍’ പരിപാടിയിൽ ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളായ ആന്‍സി സോജന്, വിദര്‍ശ കെ. വിനോദ്, ടി.എസ്. മനു, എം.ആര്. പൂവമ്മ എന്നിവർ പങ്കെടുക്കും. വൈകിട്ട് 4.30ന് സമാപന ചടങ്ങില്‍ കായികമന്ത്രി ഒ.ജെ. ജെനീഷ് മുഖ്യാതിഥിയാകും.
മുതിര്‍ന്ന സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകളായ കെ.എന്‍. ആര്. നമ്പൂതിരി, സനില്‍ പി. തോമസ്, രമേഷ് മാത്യു, ഒ.ആര്. രാമചന്ദ്രന്, കേരള ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.
ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകൻ പി.ആര്. ശ്രീജേഷ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ രാജ്യാന്തര താരങ്ങളും പരിശീലകരും പ്രമുഖ സ്പോർട്സ് സംഘാടകരും സംബന്ധിക്കും. കമാല്‍ വരദൂര്‍, ആന്റണി ജോണ്‍, സിറാജ് കാസിം, സി.കെ. രാജേഷ്കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരാകും.