കണ്ണൂർ: കായിക വികസനത്തിന് വിദ്യാർഥികളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. ചേംബർ ഹാളിൽ കണ്ണൂർ സ്പോർട്ടിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കായിക വികസന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഖേലോ കേരളം എന്ന പേരിൽ സർക്കാർ പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ഈ പദ്ധതിയിൽ ഏകദേശം ഒന്നര ലക്ഷത്തോളം കുട്ടികൾ വരുമെന്നാണ് അനുമാനിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തിയാകും പദ്ധതി. പരിശീലനം നൽകി അവരെ സ്പോർട്സ് സ്കൂളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനവും നടത്തണമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്ലറ്റിക്സിനെ എല്ലാവരും മറക്കുന്ന സ്ഥിതിയാണ്. മറ്റ് സ്പോർട്സ് ഇനങ്ങളുടെ പിറകെയാണ് എല്ലാവരും. സ്പോർട്സ് വികസനത്തിന് ആവശ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കും, എന്നാൽ പിന്നീട് വരുന്ന സാമ്പത്തിക ആവശ്യത്തിന് സ്വകാര്യ ഫണ്ട് സ്വീകരിക്കാൻശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയുടെ സമ്പന്നമായ കായിക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനും ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും യുവതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആശയങ്ങളും നിർദേശങ്ങളും സെമിനാറിലും ചർച്ചയിലും ഉയർന്നു. ടി.ഒ.മോഹനൻ എംഎൽഎ, മേയർ പി. ഇന്ദിര, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, കണ്ണൂർ ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. അഖില്‍, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡോ. പി കെ. ജഗന്നാഥൻ, വി.പി. രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.