മുംബൈ: ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ട്വന്റി-20 ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്സിലേക്കു ചേക്കേറി.
2027 സീസണിനു മുന്‍പായി ട്രേഡിംഗിലൂടെയാണ് ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് കൈമാറിയത്. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക്, പഞ്ചാബ് കിംഗ്സിൽ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ചതോടെയാണ് കൈമാറ്റം സാധ്യമായതെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.
ഹാർദിക്കിനു പകരമായി പഞ്ചാബ് കിംഗ്സിന്റെ പേസർ അർഷദീപ് സിംഗിനെ മുംബൈ ഇന്ത്യൻസിനു ലഭിക്കും. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ഹാര്‍ദിക്കിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തെ പുറത്തേക്കുള്ള വഴിയിലാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനും ടീം അംഗവുമായ രോഹിത് ശര്‍മ പുതിയ ക്യാപ്റ്റനായി യുവതാരം തിലക് വര്‍മയെ നിര്‍ദേശിച്ചിരുന്നു.
പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെയും കോച്ച് റിക്കി പോണ്ടിംഗിന്റെയും തീരുമാനപ്രകാരമാണ് അർഷദീപ് സിംഗിനെ നൽകി ഹാർദിക്കിനെ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു ചേക്കേറിയേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകളുടെ പേരുകളും പിന്നീട് ഉയര്‍ന്നുവന്നു. 2027 ഐപിഎല്‍ ലേലത്തിനു മുമ്പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക 17നു പുറത്തുവിടണം. ഈ പശ്ചാത്തലത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡിംഗിലൂടെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.