ലോകം ബംഗളൂരുവിനെ ഐടി നഗരമായി കാണുമ്പോഴും അതിന്റെ ആത്മാവ് പൂക്കളിലാണ്. ഇവിടെ വിരിയുന്ന ഓരോ പൂവും പ്രകൃതിയുടെയും മനുഷ്യന്റെയും കൂട്ടായ്മയുടെ പ്രതീകം...
ഏഷ്യയിലെ തന്നെ ഏറ്റവും മുന്തിയ നാലഞ്ചു പൂവിപണികള്‍... വീടുകളിലും വഴിയോരങ്ങളിലും നിറയെ വര്‍ണാഭമായ ഉദ്യാനം... പൂ കൃഷി വരുമാനമാക്കിയവരും പൂക്കള്‍ വിറ്റും കോര്ത്തുകെട്ടിയും ജീവിതം തരപ്പെടുത്തുന്നവരുമായ അനേകായിരങ്ങള്‍... ഗാര്ഡന് സിറ്റിയായ ബംഗളൂരുവിലെ ജീവിതം പൂന്തോട്ടത്തിലെ വാസംപോലെ ഹൃദ്യം!
സുരഭിലം, സുന്ദരം
മനസിനും കണ്ണുകള്‍ക്കും ഒരുപോലെ കുളിര്‍മ പകരും പുഷ്പങ്ങളുടെ സൗന്ദര്യം. ഒരു നിര പൂക്കള്‍ ഒരുമിച്ചു കെട്ടിയാല്‍ പൂമാലയായി. അതല്ലെങ്കില്‍ പൂച്ചെണ്ടായി. ഭാരത ആചാരങ്ങളില്‍ പുഷ്പങ്ങള്‍ ഏറെ പവിത്രമാണ്. പൂജാര്പ്പണങ്ങള്ക്കും വേണം പുഷ്പം. ഒരു വ്യക്തിക്കു നല്കുന്ന അളവില്ലാത്ത ആദരവാണല്ലോ സുഗന്ധം പരത്തുന്ന പുഷ്പം നല്കി സ്വീകരിക്കുകയെന്നത്. വിവാഹം എന്ന മംഗളകര്‍മത്തില്‍ ചാര്‍ത്തുന്നതും പുഷ്പമാല്യം. പൂക്കള്‍ ആഭരണം പോലെ അണിയുകയെന്നത് സ്ത്രീകള്‍ക്ക് അഴകും അഭിമാനവുമാണ്.
ഓരോ പ്രഭാതത്തിലും എന്റെ വീട്ടിലെത്തുന്ന കന്നഡക്കാരി സ്ത്രീയുടെ മുടിയില്‍ ചാര്‍ത്തിയ ചെറിയൊരു പൂമാലയില്നിന്നു പൊഴിയുന്ന മുല്ലപ്പൂവിന്റെ സുഗന്ധം അനുപമമായി തോന്നാറുണ്ട്. ആ മാലയുടെ വശ്യതയും സുഗന്ധവും എന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകും.
കൃഷ്ണരാജ മാർക്കറ്റ്
ബംഗളൂരു വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള പുഷ്പ വൈവിധ്യങ്ങളാലും അവയുടെ സവിശേഷ സുഗന്ധംകൊണ്ടും ഓരോ പ്രഭാതങ്ങളെയും ഉണര്‍ത്തുന്ന നഗരമാണ്. ഇത് സാധാരണ നഗരമല്ല; അതിവിശാലമായൊരു പൂന്തോട്ടമാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ പൂവിപണിയായ കൃഷ്ണരാജ മാര്‍ക്കറ്റില്‍ പുലര്‍ച്ചെ എത്തുമ്പോള്‍ നഗരം നിറങ്ങളുടെ തിരമാല പോലെ അനുഭവപ്പെടും.
നോക്കുന്നിടത്തെല്ലാം കുട്ടകളില്‍ നിറയെ പൂക്കളും മാലകളും ചെണ്ടുകളും. ചുവന്ന റോസ്, മഞ്ഞ മരിഗോള്‍ഡ്, തൂവെള്ള മുല്ലപ്പൂ, വര്‍ണ്ണാഭമായ ഓര്‍ക്കിഡുകള്‍... അവയുടെ സൗന്ദര്യം നിന്നും നടന്നുംകണ്ട് ഏറെനേരം ആസ്വദിക്കാം. 98 വര്‍ഷത്തെ പാരമ്പര്യമുണ്ട് കൃഷ്ണരാജ പുഷ്പമാര്ക്കറ്റിന്. 365 ദിവസവും ഇവിടെ പൂക്കച്ചവടമുണ്ടാകും.
ഈ പുരാതന മാര്‍ക്കറ്റില്‍നിന്നു ചെറുതും വലുതുമായ ഓരോ പുഷ്പവും എവിടേക്കൊക്കെയാണ് യാത്ര തിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ വലുതും ചെറുതുമായ നഗരങ്ങളിലേക്കും അവിടെനിന്ന് വിതരണക്കാരിലൂടെ ഗ്രാമങ്ങളിലേക്കും വരെ ഓരോരോ ചടങ്ങുകള്‍ക്ക് ബംഗളൂരു പൂക്കള്‍ എത്തിച്ചേരുന്നു.
മംഗളകര്‍മങ്ങള്‍ക്കും സങ്കടകര്മങ്ങള്ക്കുമൊക്കെ പുഷ്പങ്ങള്‍ വേണം. ബംഗളൂരു പൂക്കള്‍ ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും മാത്രമല്ല വിദൂര വിദേശരാജ്യങ്ങളിലേക്കും അതിരാവിലെ യാത്രതിരിക്കാന്‍ മാര്‍ക്കറ്റില്‍ തയാറാക്കിക്കൊണ്ടിരിക്കും. യൂറോപ്പിലേക്കും ഗള്‍ഫിലേക്കും വിമാനംകയറിപ്പോകുന്ന പൂക്കള്‍ കന്നഡ മണ്ണിന്റെ മേന്മയുടെയും കര്‍ഷകരുടെ അധ്വാനത്തിന്റെയും ഫലപ്രാപ്തി ലോകത്തോടു പറയുന്നവയാണ്.
ബംഗളൂരു പൂവിപണി ഇന്ത്യയിലെ ഏറ്റവും വലിയതും സജീവവുമായ വ്യാപാരകേന്ദ്രങ്ങളിലൊന്നാണ്. പുലര്‍ച്ചെ ഇവിടം നിറഭേദങ്ങളുടെയും സുഗന്ധങ്ങളുടെയും വിശാലമായ ഇടമായി മാറുന്നു. വലിപ്പത്തിലും നിറത്തിലും കാഴ്ചവൈവിധ്യമായി നൂറിലേറെയിനം റോസാപ്പൂക്കള്‍. കാര്‍ണേഷന്‍, ഓര്‍ക്കിഡ്, ജെര്‍ബറ, താമര, ബന്ദി, വാടാമുല്ല തുടങ്ങി എണ്ണമറ്റ ഇനം പൂക്കള്‍ യൂറോപ്പ്, ഗള്‍ഫ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കാണ് കയറ്റി അയയ്ക്കുന്നത്. കര്‍ഷകരുടെ അധ്വാനവും ആധുനിക കൃഷിരീതികളും ബാംഗളൂരിനെ മുന്‍നിര പുഷ്പ കയറ്റുമതി കേന്ദ്രമായി ഉയര്‍ത്തിയിരിക്കുന്നു.
ലാൽബാഗ്
ഇവിടെ വിസ്മയക്കാഴ്ചയില്‍ ഹൃദയം കവരുന്ന ഇടമാണ് ലാല്‍ബാഗ് ഗാര്ഡന് എന്ന മനോഹര ഉദ്യാനം. നൂറുകണക്കിനുവര്ഷങ്ങളുടെ പൈതൃകവുമായി നിറം പൊഴിക്കുന്ന ഈ പൂന്തോട്ടം പ്രകൃതിയുടെ തനതു കലാസൃഷ്ടിപോലെയാണ്. ഗ്ലാസ് ഹൗസിനുള്ളിലെ പുഷ്പപ്രദര്‍ശനങ്ങള്‍, അപൂര്‍വ സസ്യങ്ങള്‍, പച്ചപ്പിന്റെ പ്രപഞ്ചം ഇവയെല്ലാം കൂടി സൃഷ്ടിക്കുന്നത് ഒരു സ്വപ്നലോകംതന്നെ! ഓരോ വഴിയും ഓരോ ചെടിയും ഓരോ പൂവും ഓരോ മരവും ഒരു കഥ പറഞ്ഞു തരുന്നതുപോലെ തോന്നും.
ഇവിടെ കുറെ നിമിഷങ്ങള്‍ ചെലവഴിച്ചാല്‍ മനസ് ശാന്തമാകും. പ്രകൃതിയോടും ചെടകളോടും സല്ലപിച്ച് ഏറെനേരം സന്തോഷിക്കാം. പുഷ്പനഗരിയുടെ വസന്തകാലം ഏപ്രില്‍- മേയ് മാസങ്ങളിലാണ്. ചെറി ബ്ലോസത്തിന്റെ സൗന്ദര്യം ഓര്‍മിപ്പിക്കുന്ന തബുബിയ മരങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുമ്പോള് ഇവിടം അതിസുന്ദരമാകുന്നു. വഴിയോരങ്ങളിലും പാര്‍ക്കുകളിലും പിങ്ക് പൂക്കള്‍ നൂല്‍മഴപോലെ വീഴുമ്പോള്‍, ആ കാഴ്ച ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ചിത്രമായി ഓര്‍മച്ചെപ്പില്‍ പതിയും. ആ ദിവസങ്ങളില്‍ ബംഗളൂരു ഒരു നഗരമല്ല, മറിച്ച് ഒരു പിങ്ക് കവിതയാണെന്നു തോന്നും.
ഈ സൗന്ദര്യത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയം അതിലേറെ അത്ഭുതകരമാണ്. പോളിഹൗസുകളില്‍ നിയന്ത്രിതമായ താപനിലയും ഈര്‍പ്പവും സൃഷ്ടിച്ച്, ഓരോ ചെടിയെയും സൂക്ഷ്മമായി പരിപാലിക്കുന്നു. വെള്ളം തുള്ളിയായി നല്കുന്ന ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനവും പ്രകൃതിസൗഹൃദ വളങ്ങളും ഓരോ പുഷ്പത്തെയും അതിന്റെ പൂര്‍ണ സൗന്ദര്യത്തിലേക്ക് നയിക്കുന്നു. അവയെ സൂക്ഷ്മമായി അറുത്തെടുത്ത് ഗുണമേന്മ തരംതിരിച്ച് സുരക്ഷിതമായി പാക്ക് ചെയ്ത് പല തരം വാഹനങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കുന്നു. ഒരു പൂവ് ആരുടെയോ സന്തോഷത്തിന്റെയോ സങ്കടത്തിനന്റെയോ ഭാഗമാകാന്‍ ദൂരങ്ങളിലേക്ക് പറക്കുമ്പോള്‍, ആ യാത്രയുടെ തുടക്കം ഈ നഗരത്തിലാണ്.
പുഷ്പപ്രപഞ്ചം
31,000 ഹെക്ടറിലാണ് കര്‍ണാടത്തില്‍ പൂകൃഷി. രണ്ടേകാല്‍ ലക്ഷം ടണ്‍ പൂവാണ് ഇവിടത്തെ വാര്‍ഷിക ഉല്പാദനം. കേരളത്തിലെ ഓണം വിപണിയിലേക്കുള്പ്പെടെ വിശേഷാല്വേളകളില് ടണ്‍ കണക്കിന് പൂക്കളാണ് വാഹനംകയറി പോകുന്നത്. വാലന്റൈൻസ് ഡേ ആഘോഷവേളയില്‍ മാത്രം അന്‍പതു ലക്ഷം റോസാപ്പൂക്കളാണ് ബംഗളുരുവില്‍നിന്ന് വിപണികള്തേടി പോവുക.
ഈ നേട്ടങ്ങളുടെ ഏറ്റവും വലിയ രഹസ്യം ബംഗളൂരുവിന്റെ കാലാവസ്ഥയാണ്. കടുത്ത ചൂടോ കടുത്ത തണുപ്പോ ഇല്ലാത്ത മിതാന്തരീക്ഷം വര്ഷംമുഴുവന് പൂക്കള്‍ക്ക് അനുയോജ്യമായ സാഹചര്യം ക്രമീകരിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ കാറ്റിന് തണുപ്പും ശാന്തതയുമുണ്ട്. ചുവന്നു ജൈവസമൃദ്ധമായ മണ്ണ് ചെടികള്‍ക്ക് അവശ്യമായ പോഷകങ്ങള്‍ നല്കുമ്പോള്, സമതുലിതമായ മഴ കൃഷിയെ സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകുന്നു. ഈ ഘടകങ്ങള്‍ ചേര്‍ന്നാണ് ബംഗളൂരുവിനെ സ്വാഭാവിക ഗ്രീന്ഹൗസാക്കി മാറ്റുന്നത്.
ലോകം ബംഗളൂരുവിനെ ഐടി നഗരമായി കാണുമ്പോഴും അതിന്റെ ആത്മാവ് എന്നുമെന്നും പൂക്കളിലാണ്. ഇവിടെ വിരിയുന്ന ഓരോ പൂവും പ്രകൃതിയുടെയും മനുഷ്യന്റെയും കൂട്ടായ്മയുടെ പ്രതീകമാണ്. ബംഗളൂരു വെറുമൊരു സ്ഥലമല്ല; മാഞ്ഞുപോകാത്ത അനുഭവമാണ്. അതിവേഗം വളരുന്ന ഈ നഗരം രാജ്യത്തെ മൂന്നാമത്തെ പച്ചപ്പുള്ള നഗരം എന്നനിലയിലും പ്രസിദ്ധമാണ്. നഗരത്തിലെ റസല്‍ മാര്‍ക്കറ്റ്, ഗാന്ധി ബസാര്‍, മല്ലേശ്വരം, മടിവാള തുടങ്ങിയവയും പൂക്കച്ചവടത്തിനു പേരുകേട്ടവയാണ്.