ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ദമ്പതിമാരെ ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ഇവർ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിനു (ഐഎസ്ഐ) വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ ചാരവൃത്തി നടത്തിയെന്നാണ് കണ്ടെത്തിയത്. ഇവരുടെ രണ്ട് മൊബൈലുകളിൽനിന്ന് പാക് പൗരന്മാരുമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാനിലുള്ളവർ ഇവർക്ക് പണം കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മുഹമ്മദ് സഹിൽ (25), സമീറ (21) എന്നീ ഡൽഹി സ്വദേശികളാണ് അറസ്റ്റിലായത്. ഇവർ ഇന്ത്യൻ സിം കാർഡുകൾ ശേഖരിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചും ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയുമാണ് ചാരപ്രവൃത്തി നടത്തിയിരുന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, 2024നും 2025നുമിടയ്ക്ക് സഹിലും സമീറയും എട്ട് ഇന്ത്യൻ സിം കാർഡുകൾ ശേഖരിച്ച് ദുബായ് വഴി പാക്കിസ്ഥാനിലേക്ക് കടത്തി. ഈ നമ്പറുകൾ പാക്കിസ്ഥാനിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യാൻ ഉപയോഗിച്ചു.
പാക്കിസ്ഥാൻ ചാരന്മാർ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ ഈ അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. ഇന്ത്യയിലെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഈ അക്കൗണ്ടുകൾ നുഴഞ്ഞുകയറിയതായി പോലീസ് പറയുന്നു. സിമ്മുകൾ കൈമാറിയതിനു പാക്കിസ്ഥാനിലുള്ളവർ സഹിലിനും സമീറയ്ക്കും 30,000 രൂപ നൽകുകയും ചെയ്തു.