ന്യൂഡൽഹി: ഇന്ത്യന്‍ ജൂണിയര്‍ പുരുഷ ഹോക്കി ടീമിന് ഇനി തന്ത്രങ്ങള്‍ മെനയുക ഫ്രഞ്ച് പരിശീലകന് ഫ്രെഡറിക് സോയസ്. രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ മലയാളി താരം പി.ആര്. ശ്രീജേഷിന് പകരക്കാരനായാണ് സോയസിനെ ഹോക്കി ഇന്ത്യ നിയമിച്ചത്.
ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഗോള്‍കീപ്പറായ ശ്രീജേഷ് 17 മാസം ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നൈയിലും മധുരയിലും നടന്ന എഫ്ഐഎച്ച് ജൂണിയര്‍ ലോകകപ്പില്‍ ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലേക്ക് നയിക്കാന്‍ ശ്രീജേഷിന് സാധിച്ചു. എന്നാല്‍, കരാര്‍ അവസാനിച്ചതോടെ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ഹോക്കി ഇന്ത്യക്ക് എതിരേ ശക്തമായ വിമര്‍ശനവുമായി ശ്രീജേഷ് രംഗത്തുവന്നിരുന്നു.
യൂറോപ്യന്‍ ഹോക്കിയിലെ ഏറ്റവും പ്രഗത്ഭനായ പരിശീലകരില്‍ ഒരാളാണ് ഫ്രെഡറിക് സോയസ്. 30 വര്‍ഷത്തെ ഹോക്കി കരിയറിന് ഉടമ. ഫ്രാന്‍സിനായി അന്താരാഷ്ട്ര മത്സരങ്ങളില്‍ 15 വര്‍ഷം കളിച്ചു.
ഹെഡ് കോച്ചായി 15 വര്‍ഷത്തിലധികം പരിചയസമ്പത്ത്. പരിശീലകനെന്ന നിലയില്‍ ഫ്രാന്‍സിന്റെയും സ്പെയിനിന്റെയും ദേശീയ പുരുഷ ടീമുകളെ നയിച്ചു. മൂന്ന് ഒളിമ്പിക് ഗെയിംസുകളില്‍ പരിശീലക പരിചയം സോയസിനുണ്ട്.