കൊളംബോ: ശ്രീലങ്കന്‍ തീരത്തിനു സമീപം എൻജിന് തകരാറിലായ ഇറേനിയന്‍ യുദ്ധക്കപ്പലിലെ 204 നാവികരെ കൊളംബോയിലേക്ക് മാറ്റിയെന്ന് ശ്രീലങ്കന്‍ നാവികസേന.
കപ്പല്‍ ട്രിങ്കോമാലിയുടെ കിഴക്കന്‍ തുറമുഖത്ത് എത്താന്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും എടുക്കുമെന്നും നാവികസേന അറിയിച്ചു. ഐആര്‍ഐഎസ് ബുഷെഹര്‍ എന്ന കപ്പലില്‍ നാലു നാവികര്‍ തുടരുന്നുണ്ട്.
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ കപ്പലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും നാവികസേനാ വക്താവ് കമാന്‍ഡര്‍ ബുദ്ദിക സമ്പത്ത് പറഞ്ഞു. ഇറേനിന് നാവികരെ കൊളംബോയിലെ വടക്കന്‍ പ്രദേശമായ വെലിസാരയിലെ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയി. കപ്പലില്‍ 208 പേരുണ്ടായിരുന്നു. അതില്‍ 53 ഓഫീസര്‍മാരും 84 കേഡറ്റുകളും 48 മുതിര്‍ന്ന നാവികരും 23 നാവികരും ഉള്‍പ്പെടുന്നു.
അതേസമയം, യുഎസ് ആക്രമണത്തില്‍ തകര്‍ന്ന കപ്പലിലെ നാവികരുടെ മൃതദേഹം സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് ശ്രീലങ്ക. ഐറിസ് ഡേന തകര്‍ന്ന് 90ലധികം നാവികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ താത്കാലിക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിശാഖപട്ടണത്ത് നടന്ന മിലന് 2026 രാജ്യാന്തര നാവികാഭ്യാസത്തില്‍ പങ്കെടുത്തശേഷം ഇറാനിലേക്കു പോയ ഐറിസ് ഡേനയെ യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കുകയായിരുന്നു.