ന്യൂഡൽഹി: യുഎസിൽ ഗ്രീൻ കാർഡ് പ്രക്രിയയിൽ കർശന നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെ, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരോട് മാതൃരാജ്യത്തേക്ക് തിരികെ വന്ന് രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. മൈക്രോസോഫ്റ്റ്, ടാറ്റ, വിപ്രോ, ഇൻഫോസിസ് ഉൾപ്പെടെയുള്ള എട്ട് പ്രമുഖ ഐടി സ്ഥാപനങ്ങളെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷനിൽ നിന്ന് യുഎസ് സർക്കാർ വിലക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്കയുടെ ലേബർ സർട്ടിഫിക്കേഷൻ പ്രക്രിയയിൽ നിന്ന് പ്രമുഖ ഐടി ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങളെ വിലക്കിക്കൊണ്ട് യുഎസ് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗാണ് പ്രഖ്യാപനം നടത്തിയത്. പുതിയ അപേക്ഷകളോ നിലവിലുള്ളതോ ഇനി സ്വീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. അമേരിക്കയുടെ സാങ്കേതിക വളർച്ചയ്ക്ക് ഇന്ത്യക്കാർ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും, അവിടത്തെ ഒരു വലിയ വിഭാഗം ഇനി നമ്മളെ അവിടെ ആവശ്യമില്ലെന്ന് കരുതുന്നുവെന്ന് വെമ്പു എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
വിസ പ്രതിസന്ധി കാരണം കഷ്ടപ്പെട്ട് പടുത്തുയർത്തിയ ജീവിതം ഉപേക്ഷിക്കേണ്ടി വരുന്ന ഇന്ത്യക്കാർക്ക് ഇതൊരു പുതിയ തുടക്കമാകട്ടെയെന്നും, എല്ലാവരും ഇന്ത്യയിലേക്ക് തിരിച്ചെത്തി സ്വന്തം രാജ്യത്തിന്റെ നിർമാണത്തിൽ പങ്കാളികളാകാനും അദ്ദേഹം അഭ്യർഥിച്ചു. ഐടി മേഖലയെ ദോഷകരമായി ബാധിക്കുന്ന ഈ നീക്കം യുഎസിലെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.