കോഴിക്കോട്: കുട്ടികളുടെ നീന്തൽ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരെ കനത്ത പ്രതിഷേധം. തന്റെ മകൾക്ക് കൊലയാളിയായ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ടെന്ന് ഒരു രക്ഷിതാവ് വിളിച്ചുപറഞ്ഞതോടെയാണ് ചടങ്ങിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോർട്സ് കോംപ്ലക്സിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
നീന്തലും സൈക്ലിങ്ങും ഓട്ടവും ഉൾപ്പെടുന്ന ട്രയാത്ലോൺ മത്സരത്തിൽ പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ ഇവിടെ എത്തിയത്. ഇതിനിടെ സംഘാടകരുടെ ആവശ്യപ്രകാരം കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യാൻ എത്തിയപ്പോഴായിരുന്നു രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചത്. തുടർന്ന് അസിസ്റ്റന്റ് കളക്ടർ എത്തിയാണ് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്.