തൃശൂർ: അമല ആശുപത്രിയിൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി സെന്റ് ചാവറ കോണ്‍ഫറൻസ് ഇന്നു പ്രവർത്തനം ആരംഭിക്കും. ആശുപത്രിയിലെത്തുന്ന രോഗികൾക്കു ചികിത്സാധനസഹായം, മരുന്നുകൾക്കുള്ള ധനസഹായം, രോഗിയുടെ കൂട്ടിരിപ്പിനായി വോളന്റിയർമാർ തുടങ്ങിയ സഹായങ്ങളാണു ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി അന്‍പതു ഡയാലിസിസ് രോഗികൾക്ക് ഒരുമാസം നാലു സൗജന്യ ഡയാലിസിസ് കൂപ്പണുകൾ നൽകി 200 സൗജന്യ ഡയാലിസിസുകൾ ആരംഭിക്കും. തുടർന്നു ധനസമാഹരണത്തിലൂടെ മറ്റു സേവനങ്ങളും ആരംഭിക്കും. പറപ്പൂർ ഫൊറോനയുടെ കീഴിൽ രൂപീകരിച്ചിട്ടുള്ള സൊസൈറ്റിയിൽ 15 അംഗങ്ങളാണ് ആദ്യഘട്ടത്തിൽ ചേർന്നിട്ടുള്ളത്. ആദ്യമായാണ് ഒരു സ്ഥാപനത്തിൽ ഇത്തരത്തിലുള്ള സൊസൈറ്റി ആരംഭിക്കുന്നത്.
സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 9.30നു സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. ഫെൻസൻ പീറ്റർ നൽകിയ ഡയാലിസിസ് മെഷിന്റെ സ്വിച്ച്ഓണും 50 ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ കൂപ്പണ്‍ വിതരണവും നടക്കും.
ഫാ. ഷിബു പുത്തൻപുരയ്ക്കൽ ആണു സൊസൈറ്റി മോഡറേറ്റർ. ബോർജിയോ ലൂയിസ്-പ്രസിഡന്റ്, ഡോറ-വൈസ് പ്രസിഡന്റ്, പി.ഡി. ജോയ്- സെക്രട്ടറി, ടി.പി. ഷാബു- ട്രഷറർ എന്നിവരാണു ഭാരവാഹികൾ.
പത്രസമ്മേളനത്തിൽ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ബോർജിയോ ലൂയിസ്, ടിപി. ഷാബു, പിആർഒ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.