മുക്കം: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് എൻഐടി മൈതാനം വേദിയാകുമ്പോൾ, ഇവിടെ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു സ്റ്റേഡിയം അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്.
നാല് വർഷം മുൻപ് ആരംഭിച്ച വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി പാതി വഴിയിൽ നിലച്ചതോടെയാണ് കായിക താരങ്ങളും കായിക പ്രേമികളും ദുരിതത്തിലായത്.
കിഴക്കൻ മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രത്യാശിച്ച സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചിട്ട് ഒന്നര വർഷത്തോളമായി. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായിരുന്ന (എസ്പിവി) കിറ്റ്കോ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ നിർദ്ദേശം നൽകാതായതോടെയാണ് സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചത്.
മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ ആറര കോടിയോളം രൂപ ചെലവിലാണ് അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിൽ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു ആദ്യ ഘട്ട നിർമാണ പ്രവൃത്തിയുടെ ചുമതല.
രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബോൾ കോർട്ട്, ഗാലറി, ഡ്രസ് ചേയ്ഞ്ചിംഗ് റൂം, ആധുനിക ജിംനേഷ്യം, ജംപിംഗ് പിറ്റുകൾ എന്നിവ നിർമിക്കുന്നതാണ് പദ്ധതി. വെസ്റ്റ് മാമ്പറ്റ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തിയായിരുന്നുവെങ്കിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വേദിയാക്കാനും മേളയിൽ പങ്കെടുക്കാനെത്തുന്ന താരങ്ങളുടെ പരിശീലനത്തിനും ഈ മൈതാനം ഉപയോഗപ്പെടുത്താമായിരുന്നു.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു കളി സ്ഥലം എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. നിർമാണം നിലച്ചതോടെ, കാടുകയറിയ മൈതാനത്തിലൂടെ ഒന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.