കൊല്ലം: ഇടയ്ക്കിടം-കല്ലാർ നിവാസികളുടെ യാത്രാദുരിതത്തിന് ഇനിയും പരിഹാരമായില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. രണ്ടുകിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ കോൺക്രീറ്റും ടാറിംഗും ഉൾപ്പെടുന്നതായിരുന്നു നവീകരണ പദ്ധതി. ഇതിൽ 700 മീറ്ററോളം വരുന്ന ഭാഗത്തെ ടാറിംഗ് ജോലികളാണ് ഇനി അവശേഷിക്കുന്നത്.
കോൺക്രീറ്റ് പൂർത്തീകരിച്ചിട്ട് മാസങ്ങളായി. ടാറിന്റെ വിലയിലുണ്ടായ വർധന നിർമാണം പുനരാരംഭിക്കുന്നതിന് തടസമാകുന്നുണ്ട്. പദ്ധതിയിൽ ഒരു ബാരൽ ടാറിന് 7,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ നിലവിൽ ബാരലിന് 17,000 രൂപയാണ് വില. ക്രൂഡ് ഓയിലിന്റെ വിലവ്യതിയാനമാണ് ടാർവില കുതിച്ചുയരാൻ കാരണം.
അടങ്കൽ പരിഷ്കരിച്ചുനൽകിയാൽ ഉടൻ പണി പൂർത്തീകരിക്കുമെന്നാണ് കരാറുകാർ പറയുന്നത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മരാമത്ത് വിഭാഗത്തിനാണ് നിർവഹണച്ചുമതല. റോഡ് വർഷങ്ങളായി തകർന്നനിലയിലാണ്. പലയിടത്തും ടാറിന്റെ അംശംപോലുമില്ല. നിവേദനങ്ങൾനൽകി മടുത്ത നാട്ടുകാർ ഒട്ടേറെ സമരങ്ങൾ നടത്തിയശേഷമാണ് നവീകരണത്തിനു നടപടിയുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കെ.എൻ. ബാലഗോപാൽ എംഎൽഎയുടെ വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ആദ്യം വകയിരുത്തിയ തുക അപര്യാപ്തമായിരുന്നതിനാൽ പിന്നീട് വർധിപ്പിച്ചുനൽകി. ഇതേത്തുടർന്ന് അടങ്കൽ പരിഷ്കരിക്കാനും മറ്റും വീണ്ടും കാലതാമസം വന്നു. മുന്നൂർ ക്ഷേത്രത്തിനു സമീപത്തുനിന്നു തുടങ്ങി നടമേൽ ഭാഗത്തെത്തി പാങ്ങോട്-ശിവഗിരി പാതയുമായി ചേരുന്നതാണ് ഇടയ്ക്കിടം-കല്ലാർ റോഡ്. നവീകരണം അനന്തമായി അനിശ്ചിതത്വത്തിലായതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.