മടമ്പം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ശ്രീകണ്ഠപുരം തുമ്പേനിയിൽ മടമ്പം പുഴയോരം ഇടിഞ്ഞ് സംസ്ഥാനപാത അപകടാവസ്ഥയിൽ. സമീപ പ്രദേശങ്ങളിലെ മണ്ണെടുപ്പുമൂലം ഒഴുകിയെത്തുന്ന വെള്ളം പുഴയോരത്തെ സംസ്ഥാനപാത ഇടിയാൻ കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ശ്രദ്ധയൊന്ന് തെറ്റിയാൽ വാഹനം ഉൾപ്പടെ മടമ്പം പുഴയിലകപ്പെടും.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ കോട്ടൂർ
തുമ്പേനിയിലാണ് റോഡിനോട് ചേർന്ന ഭാഗം ഇടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയോരത്ത് ഗർത്തം സൂചിപ്പിക്കുന്ന ഒരു മുൻകരുതലും ബന്ധപ്പെട്ടവർ സ്ഥാപിച്ചിട്ടില്ല. ഒട്ടേറെ വാഹനാപകടങ്ങൾ നടക്കുന്ന മേഖല കൂടിയാണ് തുമ്പേനി പ്രദേശം. വാഹനങ്ങൾ പുഴയിലേക്ക് മറിഞ്ഞ് സമീപത്തായി അപകടവുമുണ്ടായിട്ടുണ്ട്.
ദീർഘദൂര വാഹനങ്ങളും ഇതരസംസ്ഥാന യാത്രികരും ഉൾപ്പടെ ഭാരം കൂടിയ വാഹനങ്ങൾ രാത്രിയിലും മറ്റും ഈ ഭാഗത്തോട് ചേർന്ന് കടന്നുപോകുമ്പോൾ റോഡ് കൂടുതലായി ഇടിയുന്നതിനുള്ള സാഹചര്യവും ഇവിടെയുണ്ട്. രാത്രിയിലും മറ്റും ധാരാളം വലിയ വാഹനങ്ങൾ ഉൾപ്പടെ കടന്നുപോകുന്നു.
ഗർത്തത്തിന് സമീപത്തായി വർഷങ്ങൾ പഴക്കമുള്ള വലിയമരവും അപകടനിലയിലാണ്. സംസ്ഥാനപാതയും പാതയോരങ്ങളിലെ മരങ്ങളും സംരക്ഷിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.