മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ പ്രചാരണാർഥം സംഘടിപ്പിച്ച വിളംബരജാഥ വർണാഭമായി. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര മണ്ണാർക്കാട് ജിഎംയുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിൽ സമാപിച്ചു.
കല്ലടി എച്ച്എസ്എസ്, എംഇഎസ്എച്ച്എസ്എസ്, കെടിഎം എച്ച്എസ്, നെല്ലിപ്പുഴ ഡിഎച്ച്എസ്എസ്, എംഇടി ഇഎംഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലെ എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, ജെആർസി കേഡറ്റുകൾ കൂടാതെ ഹെഡ്മാസ്റ്റേഴ്സ് ഫോറം, പ്രിൻസിപ്പൽമാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സന്നദ്ധസംഘടനകൾ, ക്ലബുകൾ തുടങ്ങി 1500ലധികം പേർ പങ്കെടുത്തു. കേരള ഫോറസ്ട്രി ക്ലബ്, റോഡ് ആൻഡ് സേഫ്റ്റി ക്ലബ് അംഗങ്ങളും ഘോഷയാത്രയുടെ ഭാഗമായി.