തലശേരി: എഴുപതാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തീ പാറും സെമിക്കുള്ള കളമൊരുങ്ങി. പുരുഷ വിഭാഗത്തിലെ ആദ്യസെമിയില്‍ പത്തനംതിട്ടയും തിരുവനന്തപുരവും കൊമ്പുകോര്‍ക്കും. വനിതാ വിഭാഗത്തില്‍ കോട്ടയം ശക്തരായ ആലപ്പുഴയുമായി ഏറ്റുമുട്ടും.
പുരുഷവിഭാഗം ക്വാര്‍ട്ടറില്‍, ഇന്ത്യന്‍ സീനിയര്‍ താരം സെജിന്‍ മാത്യു, ജോഷ്വ സുനില്‍ ഉമ്മര്‍ എന്നിവരുടെ മികവില്‍ പത്തനംതിട്ട 90-84നു തൃശൂരിനെ തോല്പിച്ചു. ക്യാപ്റ്റന്‍ സെജിന്‍ മാത്യു 32 പോയിന്റ് നേടി ടീമിനെ മുന്നില്‍നിന്നു നയിച്ചു.
രണ്ടാം ക്വാര്‍ട്ടറില്‍ ശക്തമായ തിരിച്ചുവരവിലൂടെ ആയിരുന്നു തിരുവനന്തപുരത്തിന്റെ ജയം. ഇടവേളയില്‍ 36-28നു പാലക്കാടായിരുന്നു മുന്നില്‍. എന്നാല്‍, സച്ചു സന്തോഷിന്റെ നേതൃത്വത്തില്‍ തിരിച്ചടിച്ച തിരുവനന്തപുരം 82-74നു പാലക്കാടിനെ കീഴടക്കി സെമി ടിക്കറ്റ് കരസ്ഥമാക്കി.
വനിതാ ക്വാര്‍ട്ടറില്‍ ആലപ്പുഴ 67-54നു കോഴിക്കോടിനെ കീഴടക്കി. ആലപ്പുഴയ്ക്കുവേണ്ടി ഗ്രിമ മെര്ലിന് 19ഉം പി.എസ്. ജീന 18ഉം വി.ജെ. ജയലക്ഷ്മി 13ഉം പോയിന്റ് നേടി. കോഴിക്കോടിനായി കെ. ആതിര 15 പോയിന്റ് സ്വന്തമാക്കി.