തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോണോ ആക്റ്റ് മത്സരം നടന്ന 14ാം നമ്പര്‍ വേദിയായ നന്ത്യാര്‍വട്ടത്തില്‍ കാഴ്ചക്കാര്‍ കണ്ടത് കൗമാരക്കാരുടെ മിന്നും പ്രകടനങ്ങള്‍. സമകാലിക വിഷയങ്ങളെ പ്രമേയമാക്കി വേദിയില്‍ അഭിനയിച്ചു തകര്‍ത്ത കുരുന്നു പ്രതിഭകള്‍ വാരിക്കൂട്ടിയ കയ്യടികള്‍ക്കും കണക്കില്ല. വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല മണ്ണിടിച്ചില്‍ മുതല്‍ ജനപ്രതിധികള്‍ പ്രതികളായ സ്ത്രീപീഢനക്കേസും അറസ്റ്റും മാധ്യമ ചര്‍ച്ചകളും സ്വര്‍ണപ്പാളി വിവാദവും മുതല്‍ കുട്ടികളുടെ പ്രതിഭയെ കാര്‍ന്നു തിന്നുന്ന ലഹരി ഉപയോഗവും സിനിമയിലെ അതിരുകവിഞ്ഞ വയലന്‍സുമെല്ലാം കുട്ടികള്‍ അവരുടെ കലാരൂപത്തിന് ആയുധമാക്കി. സമൂഹ മനസാക്ഷിയെ തൊടുന്ന പ്രമേയങ്ങള്‍ ഹൃദയഹാരിയായി അവതചരിപ്പിച്ചാണ് കൗമാര പ്രതിഭകള്‍ ഇക്കുറി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മോണോ ആക്റ്റ് വേദിയെ വേറിട്ടതാക്കിയത്.
കാശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ ടൂറിസ്റ്റുകളെ വെടിവെച്ചു കൊന്ന തീവ്രവാദവും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മോണോ ആക്റ്റ് മത്സരങ്ങളുടെ പ്രമേയമായി. ഒന്നിനൊന്ന്് മികച്ച നിന്ന കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് മാര്‍ക്കിടാന്‍ വിധികര്‍ത്താക്കളായി എത്തിയവര്‍ നന്നേ പാടുപെടുന്ന വിധത്തിലായിരുന്നു കുട്ടികളുടെ പ്രകടനം. ആധുനിക കാലത്തെ മാറുന്ന മാധ്യമ സംസ്കാരത്തില്‍ പൗരധര്‍മത്തിനും പത്രധര്മത്തിനും പുറമേ 'മനോധര്‍മവും' വേണ്ടുവോളം ചേര്‍ത്ത് അന്തിചര്‍ച്ച നടത്തി രസിക്കുന്ന നവമാധ്യമങ്ങളെ കണക്കിന് പരിഹസിക്കുന്നതായിരുന്നു പാലക്കാട് ഭാരത് മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.എസ്. മാധവ് ശങ്കറിന്റെ പ്രകടനം.
അവയവ ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കണ്ണൂര്‍ മമ്പ്രം എച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സൂര്യദേവ്, മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ ജീവിതത്തില്‍ ലഹരിയുടെയും ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെയുമെല്ലാം തെറ്റായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന കൗമാരപ്രായക്കാരെ കുറിച്ച് എറണാകുളം പൊന്നുരുന്നി സെന്റ് റീത്താസ് സ്കൂളിലെ എസ് ജെ. നിയുക്തും മോണോ ആക്റ്റ് അവതരിപ്പിച്ചു. തിരുവനന്തപുരം മിതിര്‍മല ഗവ. ബോയ്സ് എച്ച്എസ്എസ് വിദ്യാര്‍ഥി നകുല്‍ നായര്‍ അവതരിപ്പിച്ച ഓപ്പറേഷന് സിന്ദൂര്‍ പ്രമേയമായ പ്രകടനത്തിനും നിറഞ്ഞ കയ്യടികളണ് ലഭിച്ചത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്റ്റ് മത്സരങ്ങളില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് ഉള്‍പ്പെടെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രമേയമായി. അമ്പലപ്പുഴ ജിഎംഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ എസ്. അഞ്ജനയാണ് പ്രസവാനന്തരം സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക വെല്ലുവിളിയായ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് എന്ന വിഷയത്തില്‍ മോണോ ആക്റ്റ് അവതരിപ്പിച്ചത്. മോണോ ആക്റ്റിലൂടെ ഈ വിഷയത്തെ കുറിച്ച് ആളുകള്‍ക്ക് കുറച്ചുകൂടി അവബോധം നല്കാന് സാധിച്ചതായും എസ്. അഞ്ജന ദീപിക ഡോട്ട്കോമിനോട് പറഞ്ഞു.Mo
അടുത്തിടെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ബാധിച്ച് താന്‍ ജന്മം നല്കിയ കുഞ്ഞിനെ കൊലപ്പെടുത്തുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത കൊല്ലം കുണ്ടറ സ്വദേശിയായ ദിവ്യ ജോണി എന്ന സ്ത്രീയുടെ ജീവിതമാണ് ഇത്തരത്തിലൊരു കലാവിഷ്കാരത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും എസ്. അഞ്ജന വ്യക്തമാക്കി. കീഴാളരെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള വരേണ്യ അധിനിവേശത്തിന്റെ കഥ പറഞ്ഞ് സംസ്ഥാന അവാര്‍ഡ് നേടിയ പി.ജയമോഹന്റെ മാടന്‍മോക്ഷം എന്ന കൃതി അവതരിപ്പിച്ച് വയനാട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ്. പിണങ്ങോട് സ്കൂളിലെ വൈഗ എസ് .ദിനേഷും ശ്രദ്ധേയായി.