Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ്യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്ത് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്‍കിയത്.
മന്ത്രിയെ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്റെ പരാതിയിൽ അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. റെയില്‍വേ സ്റ്റേഷനിലുണ്ടായത് കരിങ്കൊടി പ്രതിഷേധമാണെന്നും ഇതിനിടെ ഉന്തുംതള്ളും ഉണ്ടായെന്നുമാണ് മന്ത്രിയുടെ മൊഴി.
പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്‍കിയത്. എന്നാൽ ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല.
സുരക്ഷ ഒരുക്കാന്‍ എത്തിയ ടൗണ്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മന്ത്രിയെ ആക്രമിക്കുന്നതിന് തെളിവു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അതേസമയം ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്റെ പരാതി ഇതോടെ പൊളിയുകയാണ്. സംഭവത്തിൽ റെയിൽവേ പോലീസ് ഉടൻ കുറ്റ പത്രം നൽകും.
Kerala
കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയതായുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയായ യുവതിയുടെ മൊഴി വീണ്ടും എടുത്തു.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ എത്തിയാണ് മൊഴിയെടുത്തത്. തനിക്കു നേരിടേണ്ടിവന്ന അതിക്രമം സംബന്ധിച്ച് ആദ്യം നൽകിയ മൊഴിതന്നെ അന്വേഷണ സംഘത്തോട് വീണ്ടും ആവർത്തിച്ചു. സംഭവം പുറത്തു പറയരുതെന്ന് ആശുപത്രി പരിസരത്ത് ഭീഷണി ഉണ്ടായതായും യുവതി മൊഴി നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരേയാണ് കൊല്ലം സ്വദേശിനി 25കാരിയായ യുവതി കഴിഞ്ഞയാഴ്ച കായംകുളം പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരയെ ഭീഷണിപ്പെടുത്തിയതുൾപ്പടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംഭവത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോട് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഉടൻതന്നെ അന്വേഷണ സംഘം മജിസ്ട്രേറ്റിന് മുന്നിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
ഏപ്രിൽ നാലിന് പുലർച്ചെ കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനിൽ വാഹനത്തിൽ കയറ്റുന്നതിനിടെ യുവതിക്കുനേരേ അതിക്രമം കാട്ടിയെന്നാണ് പരാതി.
Kerala
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ: മന്ത്രി വാസവൻ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരെയും വിശ്വാസികളെയും അവഹേളിച്ച് ബിജെപി നേതാവ് പി.സി. ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും രംഗത്തെത്തിയതില്‍ അദ്ഭുതപ്പെടാനില്ലെന്ന് മന്ത്രി വി.എന്‍. വാസവന്.
കാഞ്ഞിരപ്പള്ളി ബിഷപ്പിനെ അവഹേളിച്ച് പി.സി. ജോര്‍ജ് നേരത്തെയും രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പു സമയത്ത് കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരുമെല്ലാം സഭാ കവാടങ്ങളില്‍ കാത്തുനില്ക്കും.
വോട്ടെടുപ്പ് കഴിഞ്ഞാല്‍ തനി സ്വഭാവം കാണിക്കും. പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ എന്നതാണ് ബിജെപി രീതിയെന്നും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ് ഇക്കൂട്ടരെന്ന് തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വൈദികരെയും കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുന്നവരുടെ പാര്‍ട്ടിയിലാണ് ഇരുവരുമെന്നും അവരില്‍നിന്ന് ഇതേ പ്രതീക്ഷിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: എഫ്സിആര്‍എ വിഷയത്തില്‍ സഭകളുടെ ആശങ്കകള്‍ അറിയിച്ചതില്‍ പി.സി. ജോര്‍ജ് ബിഷപ്പുമാരേയും ക്രൈസ്തവ സഭയേയും അവഹേളിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതില്‍ ഓള് ഇന്ത്യ കാത്തലിക്ക് യൂണിയന് (എഐസിയൂ) സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തെ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം രാജ്യത്തിന്റെ നവോഥാന രംഗത്തും വിദ്യാഭ്യാസ രംഗത്തും ആതുരാലയങ്ങള്‍ക്കും വിസ്മരിക്കാന്നാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ളത് രാഷ്ട്രീയ നേതാക്കള്‍ ചരിത്രം മനസിലാക്കി പ്രതികരിക്കണമെന്നും യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ ചെയര്മാന് അല്‍ഫോന്‍സ് പേരേര അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ തോമസ് തേവരത്ത്, സി.ജെ. ജെയിംസ്, ആന്റണി തൊമ്മാന, സൈബി അക്കര, ഫ്രാന്‍സി ആന്റണി, ബാബു അത്തിപ്പൊഴിയില്‍, ജോസ് ആന്റണി, പ്രഫ.ജെ. ജേക്കബ്, ബാബു അമ്പലത്തുംകാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കും.
വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതി ലഭിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി. ഗോപാലകൃഷ്ണന് വിദ്വേഷ പരാമര്‍ശം നടത്തിയത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞത്.
Kerala
കടുത്തുരുത്തി: ഏക മകള്‍ നഷ്ടപ്പെട്ടു...... നീതി കിട്ടിയോ എന്നു ചോദിച്ചാല്‍ ആശ്വാസകരമായ വിധിയെന്നേ പറയാനാകൂ.സങ്കടം അടക്കാനാകുന്നില്ല. - ഡോ.വന്ദന ദാസിന്റെ മാതാപിതാക്കളായ മോഹന്‍ദാസും വസന്തകുമാരിയും ഇടറിയ ശബ്ദത്തില്‍ പറഞ്ഞതിങ്ങനെ.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പരിശോധനയ്ക്കു പോലീസെത്തിച്ച പ്രതി സന്ദീപ് സര്‍ജിക്കല്‍ കത്രികകൊണ്ട് കുത്തിയാണ് ഡോ. വന്ദന ദാസിനെ കൊലപെടുത്തിയത്. ഇന്നലെയാണ് കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതി പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി 30 വര്‍ഷം കഠിന തടവും തുടര്‍ന്ന് ജീവപരന്ത്യവും ശിക്ഷ വിധിച്ചത്.
സന്തോഷം തളം കെട്ടിനിന്നിരുന്ന മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വീട്ടിലേക്ക് സങ്കടം പെയ്തിറങ്ങിയിട്ട് രണ്ട് വര്‍ഷവും 10 മാസവും 11 ദിവസവുമായി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെ ഏകമകളായിരുന്നു കുട്ടു എന്ന് വിളിച്ചിരുന്ന വന്ദന.
കൊല്ലം അസീസിയ കോളജിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ 2023 മെയ് പത്തിന് പുലര്‍ച്ചെ നാലേകാലോടെയാണ് വന്ദനയ്ക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തല് വച്ച് കുത്തേറ്റത്.
27 തവണ കുത്തേറ്റ വന്ദന രാവിലെ 8.45 ഓടെ തിരുവനന്തുപരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പിന്നീടിങ്ങോട്ട് നീതിക്കായുള്ള നിയമപോരാട്ടമായിരുന്നു വന്ദനയുടെ മാതാപിതാക്കളുടെ ജീവിതം.സ്കൂള്‍ പഠനകാലത്ത് പഠനത്തിനൊപ്പം നൃത്തം അടക്കമുള്ള കലാ പ്രവര്‍ത്തനങ്ങളിലും വന്ദന മുന്നിലായിരുന്നു.
എംബിബിഎസിന് പഠിക്കുന്ന സമയത്ത് രക്ഷിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ വര്‍ക്കല ബീച്ചില്‍ പോയി ആഘോഷിച്ചതും ആദ്യ സ്റ്റൈപ്പന്‍ഡ് കിട്ടിയപ്പോള്‍ തങ്ങൾക്ക് തുണി വാങ്ങി സമ്മാനമായി നല്കിയതുമെല്ലാ ഇന്നലെ കഴിഞ്ഞതുപോലെ ഇരുവരും ഓര്‍ക്കുന്നു.
മരണം വരെ അച്ഛനും അമ്മയ്ക്കമൊപ്പമായിരുന്നു വന്ദനയുടെ യാത്ര. അവളുടെ സാധനങ്ങളും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സൂക്ഷിച്ചിരിക്കുന്ന മുറിയിലും മുറ്റത്തെ സ്മൃതി മണ്ഡപത്തിലും രക്ഷിതാക്കള്‍ എന്നും വിളക്കുകൊളുത്തുന്നു. മകളുടെഓര്മകളുമായി മോഹന്‍ദാസും വസന്തകുമാരിയും ജീവിതം തള്ളി നീക്കുകയാണ്.
International
ന്യൂയോർക്ക്: ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അമേരിക്കയിലെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ പത്നിയും മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹില്ലരി ക്ലിന്റൺ മൊഴി നല്കി.
എപ്സ്റ്റീൻ കേസ് അന്വേഷിക്കുന്ന ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്കു മുന്‍പാകെയാണ് ഹില്ലരി ഹാജരായത്. എപ്സ്റ്റീനെ നേരിട്ടു കണ്ടിട്ടില്ലെന്നും അയാളുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നും ഹില്ലരി അറിയിച്ചു.
എപ്സ്റ്റീനും പ്രസിഡന്റ് ട്രംപും തമ്മിലുള്ള ബന്ധത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണപക്ഷ റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം നല്കുന്ന കമ്മിറ്റി ശ്രമിക്കുന്നതെന്നും ഹില്ലരി ആരോപിച്ചു.
ഏഴു മണിക്കൂർ നീണ്ട വിചാരണയിൽ ഒരേ ചോദ്യങ്ങൾ തന്നോട് ആവർത്തിച്ചു ചോദിക്കുകയായിരുന്നുവെന്ന് അവർ പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. തിരുവനന്തപുരത്തെ കോടതിയിൽ കഴിത്ത ദിവസം മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു.
പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പോലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നും മൊഴിയിൽ പറയുന്നു.
അതേസമയം, പരാതിയിൽ ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് മൊഴിയിലുണ്ട്. കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.
ഹോം സ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി നൽകിയത്. വീട്ടിൽ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.
Kerala
കൊച്ചി: ആറു വയസുകാരിയായ മകള്‍ പീഡനത്തിന് ഇരയായതിനെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. എളമക്കരയില്‍ മകള്‍ക്ക് വിഷം നല്കി കൊലപ്പെടുത്തി അച്ഛന് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. പെണ്‍കുട്ടി അഞ്ചാം വയസു മുതല്‍ ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനുവരി 16ന് ആയിരുന്നു മകളെയും അച്ഛനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായ അമ്മ സംഭവം നടന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.
കുഞ്ഞ് പീഡിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും തനിക്ക് ഇല്ലായിരുന്നു. അച്ഛന് സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നു. അതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നടക്കാറുണ്ടായിരുന്നു എന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് വിശദമായ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അച്ഛനെ കൂടാതെ മറ്റാരെങ്കിലും വീട്ടീല് വന്നു പോയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്.
സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയാറാണെന്ന് അറിയിച്ച മുരാരി ബാബു താൻ അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും മൊഴി നൽകി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും മുരാരി ബാബു ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരായേക്കും.
നിലവിൽ കേസിൽ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു.
പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർണ വിവരങ്ങൾ ലഭിക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നഷ്ടമായ സ്വര്‍ണത്തിന്റെ അവളവ് കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുരാരി ബാബുവിന്റെ മൊഴിയെടുക്കാനുള്ള നീക്കം ആരംഭിച്ചു. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരാരി ബാബു കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു.
Kerala
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പ്രസ്താവനകൾ കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും അവഹേളിക്കുന്നതാണെന്നും, കേവലം ഖേദപ്രകടനത്തിലൂടെ ഈ വിഷയം അവസാനിപ്പിക്കാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മന്ത്രിയിൽ നിന്ന് ഉണ്ടായ ഇത്തരം പരാമർശങ്ങൾ അതീവ ഉത്തരവാദിത്വരഹിതമാണ്.
തെരഞ്ഞെടുപ്പ് ഫലങ്ങളെ മതാടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന സഹവർത്തിത്വത്തെയും മതേതരത്വത്തെയും തകർക്കാനുള്ള ശ്രമമാണ്.
ഇത് ജനങ്ങളെ തമ്മിൽ അകറ്റാൻ മാത്രമേ ഉപകരിക്കൂ. ഭരണഘടനയോടും ജനാധിപത്യത്തോടും പ്രതിബദ്ധത പുലർത്തേണ്ട മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയ്ക്ക് കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കപ്പെടണമെന്നും സർക്കാരിന്റെ നിലപാട് എന്താണെന്ന് പൊതുസമൂഹത്തിന് വ്യക്തമാക്കേണ്ടതുണ്ടന്നും വാക്കുകൾ ഉപയോഗിക്കുന്നതിൽ പുലർത്തേണ്ട സൂക്ഷ്മത ലംഘിക്കപ്പെട്ടുവെന്നും, ഇതു സർക്കാരിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്നും എംപി പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കേരളത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരേ കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ചാണ് വാർത്തകൾ വന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
സജി ചെറിയാൻ പറഞ്ഞത് ശരിയായ കാര്യമാണ്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെതെന്നും ശിവൻകുട്ടി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്റെയും സഹോദരന്റെ മൊഴിയും രേഖപ്പെടുത്തി.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. വര്‍ഗീയ ധ്രുവീകരണം ലീഗിന്റെ ലക്ഷ്യമല്ലെന്നും സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോള്‍ കേരളത്തിലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
"തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലീംലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്. അവരുടെ പേരുകൾ നോക്കിയാൽ മനസിലാകും ഏതൊക്കെ വിഭാഗത്തിൽ നിന്ന് ആളുകൾ ഉണ്ടെന്നത്. എല്ലാ മത വിഭാഗതിൽ പെട്ടവരും ലീഗിൽ നിന്ന് വിജയിച്ചിട്ടുണ്ട്.'-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം?. മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിജിലൻസിന്റെ പൂജപ്പുര സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലേക്ക് മാത്യു കുഴൽനാടനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് മാത്യു കുഴൽനാടൻ മൊഴി നൽകിയത്. 2021ൽ റവന്യൂ രേഖകൾ പരിശോധിച്ച ശേഷമാണ് ഭൂമി വാങ്ങിയതെന്നും അന്ന് കേസുകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാരത്തിൽ വില കുറച്ചു കാണിച്ചിട്ടില്ല. പുറന്പോക്ക് ഭൂമി കൈയേറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മാത്യു മൊഴി നൽകി.
ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചുവെന്നാണ് എംഎൽഎക്ക് എതിരെയുള്ള ആരോപണം. ചിന്നക്കനാലിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സാന്പത്തിക ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
Kerala
തിരുവനന്തപുരം: ചിന്നക്കനാലില്‍ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ മൊഴിയെടുത്ത് വിജിലന്‍സ്. വിജിലന്‍സിന്റെ പൂജപ്പുര എസ്ഐയു 1 യൂണിറ്റാണ് മൊഴിയെടുത്തത്. വിജിലന്‍സ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.
സ്ഥലം വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എംഎല്‍എ മൊഴി നല്കി. പോക്കുവരവ് ചെയ്യും മുന്‍പ് മിച്ചഭൂമി കേസ് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം മൊഴി നല്കി.
Kerala
ആലപ്പുഴ: എ.കെ. ബാലന്റെ പ്രസ്താവന തനി വർഗീയത വിളമ്പുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അത് എ.കെ. ബാലനെ കൊണ്ട് പറയിച്ചതാണെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ കാരണം ഉൾക്കൊള്ളണം. എൽഡിഎഫ് കേരള സമൂഹത്തിൽ വർഗീയതയുടെ വിഷം വമിപ്പിക്കുന്നു. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണം. എ.കെ. ബാലന്റേത് പച്ച വർഗീയതയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണകൊള്ളയുടെ വ്യാപ്തി കൂടുകയാണ്. പദ്മകുമാറിനെതിരെ നടപടി എടുക്കാൻ പാർട്ടി ഇപ്പോഴും തയാറല്ല. എസ്ഐറ്റിക്ക്മേൽ തുടക്കം മുതലേ സമ്മർദ്ദമുണ്ട്. എസ്ഐറ്റി കേരളസർക്കാരിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് കോടതി മേൽനോട്ടത്തിലുള്ള വേറൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ദേശീയപാതയിൽ ഓരോ ദിവസവും വിള്ളലുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എൻഎച്ച് 66-ൽ സുരക്ഷാ പരിശോധന നടത്തും. കായംകുളം, ഓച്ചിറ, പായിൽ കുളങ്ങര തുടങ്ങിയ ഇടങ്ങളിൽ പില്ലർ സ്ട്രക്ചർ ആക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.
കേരളത്തിലെ ആരോഗ്യ വകുപ്പിന് നിരന്തരമായി വീഴ്ച സംഭവിക്കുന്നു. അതെല്ലാം മറച്ചുവയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ആശുപത്രികളിൽ സ്റ്റാഫ് ഇല്ല, മരുന്ന് ഇല്ല, അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല.
കേരളത്തിലെ ചികിത്സ പിഴവുകളിൽ ആവശ്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ല. ഒരു അന്വേഷണത്തിലും ചികിത്സ പിഴവ് ഉണ്ടെന്ന് ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. കുറ്റം മറച്ചു വയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നമ്പർവൺ ആണെന്ന് പറച്ചിൽ മാത്രമാണ്.
ആലപ്പുഴയിൽ എസ്ഡിപിഐ സഹായത്തോടെ മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റിഷിപ്പ് നേടാൻ സിപിഎം പരസ്യമായി നടപടി എടുത്തിരിക്കുകയാണ്.
എല്ലാ സ്ഥലങ്ങളിലും വൻഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള ക്രമീകരണങ്ങളുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. നിയമസഭാ ഇലക്ഷനിൽ എല്ലാവരും ഒറ്റക്കെട്ടായി മത്സരിക്കും, ജയിക്കും. അതിനുശേഷം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്.
പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നത്.
നേരത്തെ പോറ്റിയുമൊത്തുള്ള അടൂർ പ്രകാശിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ കനത്ത വിമർശനവുമായി സിപിഎം രംഗത്തുവന്നിരുന്നു.
അതേസമയം, ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ പോറ്റിയിൽ നിന്നും സ്ഥിരീകരണം തേടും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല. ഇന്ന് വൈകുന്നേരം നാലിന് എസ്ഐടിയുടെ ഈഞ്ചക്കൽ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഹരിപ്പാട് മണ്ഡലത്തിൽ വൈകുന്നേരത്തോടെ എത്താനുള്ളതിനാൽ മൊഴി നൽകാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രമേശ് ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചുവെങ്കിലും എസ്പി ശശിധരന് അസൗകര്യമായതിനാൽ അന്ന് നടന്നില്ല.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മൊഴിയെടുക്കാതെ മാറുന്നത്. ശബരിമല സ്വർണകൊള്ളയിൽ 500 കോടിയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. ഞായറാഴ്ച മൊഴിയെടുക്കാമെന്ന് ചെന്നിത്തല പ്രത്യേക സംഘത്തെ അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുന്‍ എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിൽനിന്ന് മോശം അനുഭവം ഉണ്ടായതായി പരാതി നല്കിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ്. ഇതിനായി കന്റോണ്‍മെന്റ് പോലീസ് മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കും.
കുഞ്ഞുമുഹമ്മദിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നുമാണ് പോലീസ് പറയുന്നത്. കുഞ്ഞുമുഹമ്മദില്‍നിന്നു മോശം അനുഭവം ഉണ്ടായതായി ചലച്ചിത്ര അക്കാദമിയെ അറിയിച്ച ശേഷമാണ് സംവിധായിക നവംബര്‍ 27ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വഴി ഡിസംബര്‍ രണ്ടിന് ലഭിച്ച പരാതിയില്‍ എട്ടിനാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്.
ഹോട്ടല്‍ മുറിയില്‍ വച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി. ഹോട്ടലില്‍ നിന്നു പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തില്‍ ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി ഇന്ന് എസ്ഐടി രേഖപ്പെടുത്തില്ല. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മൊഴി എടുക്കുന്നത് മാറ്റിയത്. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം രമേശ് ചെന്നിത്തലയെ അറിയിച്ചു.
അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. രാവിലെ 11ന് മൊഴി കൊടുക്കുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.
കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടക്കുക്കാനിരുന്നത്.
വിഷയവുമായി ബന്ധപ്പെട്ട മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്.
ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക എന്നും ചെന്നിത്തല അറിയിച്ചിരുന്നു. കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയാറായത്.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയെ സംബന്ധിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അജീവിതയ്ക്കെതിരെ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന അനാവശ്യമെന്നുംനിരുത്തരവാദപരമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പദവിക്കനുസരിച്ചുള്ള പ്രസ്താവന നടത്തണം. തിരഞ്ഞെടുപ്പ് ദിവസം അത്തരത്തിലൊരു പ്രതികരണം നടത്തിയത് ശരിയായില്ലെന്നും മുരളീധരന് പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടണമെന്നാണ് നിലപാട്. സര്‍ക്കാര്‍ അപ്പീല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നും ദിലീപിന് നീതി കിട്ടിയെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ആദ്യ പ്രതികരണം. ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെപിസിസിയും എഐസിസിയും എതിര്‍ത്ത് നിലപാടെടുക്കുകയും സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയരുകയും ചെയ്തതോടെ അടൂര്‍ പ്രസ്താവന തിരുത്തിയിരുന്നു. എന്നാൽ അടൂർ പ്രകാശിന്റെത് അനാവശ്യ പ്രതികരണമാണെന്നും കോൺഗ്രസ് നിലപാട് അതല്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വീണ്ടും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുലിനെതിരായ രണ്ടാം പീഡനക്കേസിൽ അതിജീവിതയുടെ മൊഴി കോടതിയിൽ സമർപ്പിച്ചു. ക്രൂര ലൈംഗീക അതിക്രമത്തിന്റെ വിവരങ്ങളാണ് അതിജീവിത മൊഴിയിൽ ഉള്ളത്. ഐ വാൻഡ് ടു റേപ്പ് യു എന്ന് രാഹുൽ പറഞ്ഞുകൊണ്ടിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ടുപോകുകയും അതിക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി.
ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗീക അതിക്രമമാണ് നടത്തിയത്. ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗീകാതിക്രമം തുടർന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന ആവശ്യം രാഹുൽ ഉന്നയിച്ചുവെന്നും അതിജീവിത പറയുന്നു.
ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ലെന്ന് രാഹുൽ അറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നുണ്ട്.
രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ടുപോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു.
ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ കേരളത്തിന് പുറത്ത് നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപൂരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം.
മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്ഐടി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പത്താം തീയതി മൊഴി കൊടുക്കാമെന്ന് എസ്ഐടിയെ രമേശ് ചെന്നിത്തല അറിയിച്ചു.
പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു.
പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്
ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ ഈ കേസിലെ സഹ പ്രതികൾ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിൽ ആയിട്ടില്ലെന്ന് കത്തിൽ പറയുന്നു.
Kerala
കൊച്ചി: പീഡനത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നുവെന്നും മഞ്ജുവുമായുള്ള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്നും നടി മൊഴിയിൽ പറയുന്നു.
2012ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു. കാവ്യയുമായുള്ള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് താൻ മറുപടി നൽകി. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു എന്നുമാണ് അതിജീവിതയുടെ മൊഴി.
കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്നം പറഞ്ഞുതീർക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നോട് പറഞ്ഞിരുന്നു എന്നും അതിജീവിതയുടെ മൊഴിയില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്കിയ പരാതിയില്‍ വലിയമല പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുലിനെ കണ്ടെത്താൻ പോലീസിന്റെ ഊർജിത തെരച്ചിൽ. കുറ്റകൃത്യം നടന്ന സ്ഥലം നേമം പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ വലിയമല പോലീസ് കേസ് നേമത്തേക്കു കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവില്‍ പോയ രാഹുലിനെ പിടികൂടാന്‍ പോലീസ് സർവ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരും ഷാഡോ പോലീസും ഉള്‍പ്പെടെയുള്ള സിറ്റി പോലീസ് സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.
ഗുരുതര കുറ്റങ്ങൾ
വിവാഹവാഗ്ദാനം നല്കി പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. രാഹുലിന്റെ സഹായി അടൂര്‍ സ്വദേശി ജോബി ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയാണ് എഫ്ഐആര്‍. രാഹുലിന്റെ നിര്‍ദേശാനുസരണം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു കൊടുത്തത് ജോബിയായിരുന്നുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.
20 പേജുള്ള മൊഴി
രാഹുലിനെതിരെ കേസെടുത്തതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ നിലയിലാണ്. എന്നാല്‍, പിന്നീട് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത നിലയിലാണെന്നു സ്ഥിരീകരിച്ചു. രാഹുല്‍ എവിടെയാണെന്ന് അറിയില്ല. സംസ്ഥാനം വിട്ടെന്ന സൂചനകളുമുണ്ട്. രാഹുലിനെതിരെ യുവതി ഗുരുതര വെളിപ്പെടുത്തലുകളാണ് മൊഴിയായി പോലീസിനു നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയില്‍നിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു.
20 പേജുള്ള മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഗര്‍ഭഛിദ്രം നടത്തുന്നതിനുതന്നെ ഭീഷണിപ്പെടുത്തി. രാഹുലിന്റെ സുഹൃത്തിന്റെ പക്കലാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കിയത്. മരുന്ന് കഴിച്ചുവെന്നു വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നാണ് യുവതിയുടെ മൊഴി. രാഹുലിനു പല പെണ്‍കുട്ടികളുമായും ബന്ധമുണ്ടെന്നു തനിക്കറിയാം. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് പരാതി നല്‍കിയത്. രാഹുല്‍ അസഭ്യം പറഞ്ഞിട്ടുണ്ടെന്നും യുവതി മൊഴികൊടുത്തു.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ സംഭവത്തെ പറ്റി താൻ പറഞ്ഞ വാക്കുകൾ വിജയ്യെ എതിർത്തുകൊണ്ടല്ല എന്ന് നടൻ അജിത് കുമാർ. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അജിത് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചാവിഷയമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
"ഞാൻ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവർ ദയവായി ഇത് നിർത്തണം'. -അജിത്, രംഗരാജ് പാണ്ഡെയുമായി നടത്തിയ ഓഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി.
കരൂർ സംഭവത്തിന് കാരണം ആ ഒരു പ്രത്യേക വ്യക്തി മാത്രമല്ല, നാമെല്ലാവരുമാണ്. ആളുകളെ അനാവശ്യമായി കൂട്ടുന്ന പ്രവൃത്തിയിൽ എല്ലാവരും അഭിരമിച്ചിരിക്കുന്നു. തന്റെ ശക്തി കാണിക്കാൻ എല്ലാവരും ഇങ്ങനെ ആളുകളെ കൂട്ടുന്നത് നിർത്തണമെന്നുമായിരുന്നു ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
അതേസമയം, അജിത്തിന്റെ പ്രസ്താവനയോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലീഗ് നേതാവ് പി.എം.എ. സലാം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തള്ളി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
ഭരണകൂടത്തിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. അത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ വേണ്ടതു തന്നെയാണ്. എന്നാല്‍ രാഷ്ട്രീയമായി വിമര്‍ശിക്കുന്നത് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. അത് ഒരിക്കലും നല്ല കാര്യമല്ല.
വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാതെ എല്ലാവരും സൂക്ഷ്മ പാലിക്കേണ്ടതാണ്. മുസ്ലീം ലീഗ് പാര്‍ട്ടിയുടെ നയവും അതാണ്.- സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അഭിപ്രായപ്പെട്ടത്.
ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം. രണ്ടും കെട്ട മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയത് എന്നതാണ് നമ്മുടെ അപമാനം. അതിന്റെ ദുരവസ്ഥയാണ് നാമിപ്പോള്‍ അനുഭവിക്കുന്നതെന്ന് പി.എം.എ. സലാം പറഞ്ഞു.