ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ വിവാഹമംഗളത്തിൽ പുതിയ റിക്കാർഡ് പിറന്നു. ചിങ്ങമാസത്തിലെ ചരിത്രമുഹൂർത്തത്തിൽ കണ്ണനെ സാക്ഷിയാക്കി 416 വധൂവരന്മാർ കൈചേർത്തുപിടിച്ച് പുതുജീവിതത്തിലേക്കു പ്രവേശിച്ചു.
റിക്കാർഡിനൊപ്പം വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയത്തിനുകൂടിയാണ് ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച സാക്ഷ്യംവഹിച്ചത്. കൃത്യമായ ഒരുക്കങ്ങൾ നടത്തിയതിനാൽ ക്ഷേത്രത്തിനകത്തും പുറത്തും വലിയ തിരക്ക് അനുഭവപ്പെടാതെ സാധാരണദിനം പോലെ കടന്നുപോയി.
പുലർച്ചെ 4.10ന് ഒന്നാംനന്പർ വിവാഹമണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ദീപം തെളിച്ചതോടെയാണു വിവാഹങ്ങൾ തുടങ്ങിയത്.