നാദാപുരം: ഇരിങ്ങണ്ണൂരിലെ വ്യാപാരി കുഴങ്ങാലിൽ കുഞ്ഞിരാമന്റെ വീട്ടിൽനിന്ന് കാണാതായ സ്വർണവും പണവും തിരികെ ലഭിച്ചുവെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കേസന്വേഷണം അവസാനിപ്പിച്ച് നാദാപുരം പോലീസ്. കഴിഞ്ഞ മാസം 21 ന് രാത്രിയിലാണ് വീട്ടിൽ മോഷണം നടന്നത്.
പതിനൊന്നര പവന്റെ സ്വർണാഭരണങ്ങളും, പണവുമാണ് മോഷ്ടാവ് കവർന്നത്. വീട് പൂട്ടി വീട്ടുകാർ സമീപത്തെ ക്ഷേത്രോത്സവത്തിന് പോയപ്പോൾ വീടിന്റെ മുകൾ ഭാഗത്ത് വാതിൽ തുറന്ന് അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും, 6500 രൂപയും കവരുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും, കെ 9 സ്ക്വാഡും വീട്ടിൽ പരിശോധന നടത്തിയെങ്കിലും മോഷ്ടാവിലേക്ക് അന്വേഷണം എത്തിയിരുന്നില്ല. രണ്ടാഴ്ച്ചയിലേറെ തുമ്പില്ലാതെ കിടന്ന കേസിൽ കഴിഞ്ഞ ദിവസം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭരണങ്ങൾ തിരികെ ലഭിച്ചതായും പരാതി പിൻവലിക്കുന്നതായും കാണിച്ച് സ്റ്റേഷനിൽ രേഖാമൂലം എഴുതി നൽകിയത്.