Kerala
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ.
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്നും ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയതു താനാണോയെന്ന് ഓർമയില്ലെന്നും ഡോ. ഷാഹിദ മാധ്യമങ്ങളോട് പറഞ്ഞു. ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയല്ലെന്നും ഡോ. ഷാഹിദയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താനായിരിക്കും ശസ്ത്രക്രിയ ചെയ്തിരിക്കുക. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് നഴ്സുമാരുടെ അഭാവമുണ്ട്. പലപ്പോഴും സ്ക്രബ് നഴ്സ് മാത്രമാണുള്ളത്. ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പ്രോട്ടോകോൾ പാലിക്കാനാകാറില്ല. നഴ്സുമാരുടെ അഭാവം പരാതിയായി ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. ഷാഹിദ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ എസ്എടി ആശുപത്രിയിലാണു ഡോ. ഷാഹിദ ജോലി ചെയ്യുന്നത്.
Kerala
കണ്ണൂർ: ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരവും നൽകുകയും ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
അതീവ ഗുരുതരവും ഞെട്ടിപ്പിക്കുന്ന സംഭവവുമാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നത്. ആരോഗ്യമേഖല അമേരിക്കൻ നിലവാരത്തിലെത്തിയെന്നു മേനി പറയുന്ന ഇടതുസർക്കാർ ആരോഗ്യമേഖലയെ തകർക്കുകയാണു ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.