നീലേശ്വരം: നീലേശ്വരത്തിന്റെ ദീര്‍ഘകാലമായുള്ള യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമായി രണ്ടു പ്രധാന പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി.
11097/11098 പൂനെ- എറണാകുളം ജംഗ്ഷന് പൂര്‍ണ എക്സ്പ്രസ്, 16621/16622 രാമേശ്വരം - മംഗളുരു സെന്‍ട്രല്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ രാമേശ്വരം എക്സ്പ്രസ് കാസര്‍ഗോഡ് വിട്ടു കഴിഞ്ഞാല്‍ ഇനി നീലേശ്വരത്ത് മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.
കണ്ണൂര്‍-കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നീലേശ്വരത്ത് മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചിരിക്കുന്നത്. പൂര്‍ണ എക്സ്പ്രസിന് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന് എന്നിവയ്ക്ക് പുറമെയാണ് നീലേശ്വരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. രാമേശ്വരം എക്സ്പ്രസിന് പാലക്കാട് ജംഗ്ഷന്, ഷൊര്‍ണൂര്‍ ജംഗ്ഷന്, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ പ്രധാന സ്റ്റോപ്പുകള്‍ക്ക് ഒപ്പമാണ് നീലേശ്വരത്തും സ്റ്റോപ്പ് ലഭിക്കുന്നത്.