വംശീയ അധിക്ഷേപങ്ങൾക്കെതിരെ അരുണാചൽ പ്രദേശിൽ നിന്നുള്ള കൊച്ചുപെൺകുട്ടിയുടെ വൈകാരികമായ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നു.
തന്റെ ശാരീരിക രൂപത്തിന്റെ പേരിൽ ചൈനക്കാരിയാണോ എന്ന് ചിലർ ചോദിച്ചതിൽ ഏറെ വിഷമവും ദേഷ്യവുമുണ്ടായെന്ന് വ്യക്തമാക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ജനമനസുകളെ സ്പർശിച്ചത്.
തങ്ങൾ ഇന്ത്യക്കാരാണെന്നും ഇറ്റാനഗറിലാണ് ജീവിക്കുന്നതെന്നും കൈകൂപ്പിക്കൊണ്ട് പറയുന്ന കുട്ടിയുടെ വാക്കുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം രാജ്യത്ത് നേരിടുന്ന വിവേചനത്തിന്റെ നേർക്കാഴ്ചയായി മാറി.
ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകളാണ് പെൺകുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്വന്തം രാജ്യത്ത് സ്വന്തം സ്വത്വം തെളിയിക്കാൻ ഒരു കുട്ടിക്ക് അപേക്ഷിക്കേണ്ടി വരുന്നത് സങ്കടകരമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
അന്യദേശക്കാരെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, രാജ്യത്തെ സ്നേഹിക്കുന്ന വടക്കുകിഴക്കൻ ജനതയെ 'ചൈനക്കാർ' എന്ന് വിളിച്ച് അകറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പലരും ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ രാജ്യസ്നേഹത്തെ പ്രശംസിച്ചുകൊണ്ട് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയായ അരുണാചൽ പ്രദേശിൽ നിന്നുള്ളവർ ഡൽഹി ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ നിരന്തരം വംശീയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുണ്ട്.
വംശീയമായ പരിഹാസ ചോദ്യങ്ങൾ ഉയർത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ ആക്രമിക്കപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വരെ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വടക്കുകിഴക്കൻ ജനതയ്ക്കെതിരെ നടക്കുന്ന ഇത്തരം വിദ്വേഷ സംഭവങ്ങളെയും പീഡനങ്ങളെയും സംബന്ധിച്ച് വ്യക്തമായ കേന്ദ്രീകൃത വിവര ശേഖരണം കേന്ദ്രസർക്കാരിന്റെ പക്കലില്ലെന്ന വിവരവും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്.