ഒഴുകുന്ന ചരിത്രമെന്നാണ് തെംസ് നദിയുടെ വിശേഷണം. ലണ്ടൻ നഗരത്തെ കാണാൻ തെംസിനോളംപോന്ന കണ്ണ് വേറെയില്ല. അതിന്റെ ഓളങ്ങൾക്ക് ഒട്ടേറെ കഥകൾ പറയാനുണ്ട്- തിളങ്ങുന്നതും ഇരുട്ടുമൂടിയതുമടക്കം...
തെംസ് നദിയിലൂടെ നടത്തിയ യാത്ര ഓർമിപ്പിച്ച ചരിത്രത്തെക്കുറിച്ചു പറയുന്നു, അധ്യാപികയും എഴുത്തുകാരിയുമായ ലേഖിക...
പരസ്പരം തീവ്രമായി പ്രണയിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ.. അതിൽ ഒരാളുടെ ചെറുചലനംപോലും മറ്റേയാൾ നിമിഷാർധത്തിൽ വായിച്ചെടുക്കും. അങ്ങനെ നൂറ്റാണ്ടുകളായി പരസ്പരം മനസു വായിക്കുന്ന പ്രണയികളാണ് തെംസ് നദിയും ലണ്ടൻ നഗരവും.
ലണ്ടൻ നഗരത്തെ കാണാൻ തെംസ് നദിയോളം പോന്ന ഒരു കണ്ണ് വേറെയില്ല! ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവരാണെങ്കിൽ നിങ്ങൾ തെംസിലൂടെ, ലണ്ടൻ നഗരത്തെനോക്കി ഒഴുകണം. അപ്പോഴാണ് ആ നഗരത്തിന്റെ ആഴം കൂടുതൽ തെളിച്ചത്തോടെ അറിയാനാവുക... നഗരം ഒന്നു നിശ്വസിക്കുമ്പോൾ തെംസിൽ ഓളങ്ങൾ വിരിയുന്നു; നഗരം ചിരിക്കുമ്പോൾ നദിയിൽ നിലാവ് തിളങ്ങുന്നു...
ലണ്ടൻ നഗരത്തിന്റെ യഥാർഥ ഭംഗി ആസ്വദിക്കാൻ തെംസ് നദിയിലൂടെയുള്ള ബോട്ട് യാത്രയോളം മികച്ച മറ്റൊരു വഴിയുണ്ടാവില്ല. ഒരു വലിയ കാൻവാസിൽ നക്ഷത്രശോഭയോടെ തെളിഞ്ഞുവരുന്ന ഒരു ചിത്രമെന്നോണം, ലണ്ടൻ അതിന്റെ സർവ പ്രതാപത്തോടുംകൂടി ആ ജലയാത്രയിൽ നമുക്കുമുന്നിൽ അനാവൃതമാകും.
ക്രൂയിസ് യാത്രകൾ
ഒരു യാത്രാമാർഗം എന്നതിലുപരി ലണ്ടനിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ക്രൂയിസ് യാത്രകൾ. ഇത് പ്രധാനമായും രണ്ടു തരത്തിലാണുള്ളത്- റിവർ ക്രൂയിസും ഡിന്നർ/ ലഞ്ച് ക്രൂയിസും. നഗരത്തിനുള്ളിലെ കാഴ്ചകൾ കണ്ടുകൊണ്ട് വെസ്റ്റ്മിൻസ്റ്റർ മുതൽ ഗ്രീൻവിച്ച് വരെ നടത്തുന്ന ചെറിയ യാത്രകളാണ് റിവർ ക്രൂയിസ്. ഇതിൽ ചരിത്രപരമായ വിവരങ്ങൾ പങ്കുവയ്ക്കാൻ ഗൈഡുമാരോ ഓഡിയോ സംവിധാനമോ ഉണ്ടാകാറുണ്ട്. രുചികരമായ ഭക്ഷണത്തോടൊപ്പം സംഗീതവും നഗരത്തിന്റെ രാത്രികാഴ്ചകളും ആസ്വദിക്കാൻ കഴിയുന്ന ആഡംബര യാത്രകളാണ് ഡിന്നർ/ ലഞ്ച് ക്രൂയിസ്..
ലണ്ടൻ സന്ദർശിക്കുന്നവർ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് ഈ ജലയാത്ര. വൈകുന്നേരങ്ങളിലെ യാത്രയാണ് ഏറ്റവും മനോഹരം. അസ്തമയസൂര്യന്റെ പൊൻകിരണങ്ങൾതട്ടി തെംസ് സ്വർണനിറത്തിൽ തിളങ്ങുന്ന കാഴ്ച കൺകുളിർപ്പിക്കുന്നതാണ്. വലിയ പാലങ്ങൾക്കടിയിലൂടെ കടന്നുപോകുമ്പോഴുള്ള തണുത്ത കാറ്റും നഗരത്തിന്റെ പ്രഭയും ആ യാത്രയെ വെറുമൊരു കാഴ്ചയ്ക്കപ്പുറം ഹൃദയത്തോടുചേർത്തുപിടിക്കുന്ന ഒരനുഭവമാക്കി മാറ്റും.
ഒരു നദി, രണ്ടു കാലഘട്ടങ്ങൾ
ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ പിയറിൽനിന്നാണ് ജലയാത്ര ആരംഭിക്കാറുള്ളത്. ബോട്ട് സാവധാനം നീങ്ങിത്തുടങ്ങുമ്പോൾത്തന്നെ ലണ്ടന്റെ വിഖ്യാതമായ അടയാളങ്ങൾ ഒന്നൊന്നായി നമ്മുടെ കൺമുന്നിലൂടെ കടന്നുപോകാൻ തുടങ്ങും.
തെംസിലെ ആ തണുത്ത കാറ്റേറ്റ്, തിരമാലകളുടെ താളത്തിനൊത്ത് നീങ്ങുന്ന ബോട്ടിലിരുന്ന് ലണ്ടൻ നഗരത്ത നോക്കിക്കാണാം.. ആ യാത്രയിൽ നദിക്കരയിലുള്ള ഓരോ കാഴ്ചയും നമ്മോട് ഓരോ കഥകൾ പറയുന്നതുപോലെ തോന്നും. ലണ്ടനിലെ ഏറ്റവും പ്രശസ്തമായ അംബരചുംബികളിൽ ഒന്നായ ഷാർഡ് കെട്ടിടവും, അതിപുരാതനമായ കോട്ടകളും ദൂരക്കാഴ്ചകളായി നമുക്കുമുന്നിൽ ഒറ്റ ഫ്രെയിമിൽ തെളിയും...
യാത്രയ്ക്കിടയ്ക്കുപെയ്ത നേർത്ത ചാറ്റൽമഴകൂടിയായപ്പോൾ അന്തരീക്ഷം കൂടുതൽ സുന്ദരമായി. ബോട്ടിന്റെ വശങ്ങളിൽ തട്ടിച്ചിതറുന്ന വെള്ളത്തുള്ളികൾ വെള്ളിനൂലുകൾപോലെ തിളങ്ങി.
വെസ്റ്റ്മിൻസ്റ്റർ പിയറിൽനിന്ന് മെല്ലെ നീങ്ങിത്തുടങ്ങുമ്പോൾത്തന്നെ ആകാശമുയരത്തിൽ തലയുയർത്തിനിൽക്കുന്ന "ലണ്ടൻ ഐ'യാണ് നമ്മെ സ്വാഗതം ചെയ്യുക. നദിയിലെ ചെറിയ ഓളങ്ങളിൽതട്ടി ബോട്ട് ഉലയുമ്പോൾ, കരയിൽ അചഞ്ചലമായി നിൽക്കുന്ന ആ മഹാചക്രം നമ്മുടെ കണ്മുന്നിൽ പൂർണരൂപം പ്രാപിക്കും. ഒരുവശത്ത് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വെസ്റ്റ്മിൻസ്റ്റർ കൊട്ടാരവും ബിഗ് ബെന്നും, മറുവശത്ത് അടുത്ത കാലത്ത് സ്ഥാപിച്ച എൻജിനീയറിംഗ് വിസ്മയമായ ലണ്ടൻ ഐ! ഒരേ നദിയിൽ ഒരേസമയം രണ്ടു കാലഘട്ടങ്ങളെ ദർശിക്കാനാകുന്നു എന്നതും ഈ യാത്രയുടെ മാത്രം സവിശേഷതയാണ്.
ബോട്ടിലെ ഓപ്പൺ ഡെക്കിലിരുന്ന് നോക്കുമ്പോൾ ആകാശചക്രവാളത്തിൽ ലണ്ടൻ ഐയുടെ ഓരോ "ക്യാപ്സ്യൂളുകളും' (Pods) വളരെ വ്യക്തമായി കാണാം. ദൂരെനിന്ന് നോക്കുമ്പോൾ ലളിതമായൊരു ചക്രമായി തോന്നുമെങ്കിലും, അടുത്തെത്തുമ്പോഴാണ് അതിന്റെ ഗാംഭീര്യം ബോധ്യപ്പെടുക. തെംസിലെ തെളിഞ്ഞ വെള്ളത്തിൽ ലണ്ടൻ ഐയുടെ നിഴൽ വീണുകിടക്കുന്നത് ഒരു സുന്ദരദൃശ്യമാണ്... ബോട്ട് നീങ്ങുന്നതിനനുസരിച്ച് ആ പ്രതിബിംബവും നമ്മോടൊപ്പം ഒഴുകുന്നതായി തോന്നും.
സന്ധ്യാസമയത്താണ് ഈ യാത്രയെങ്കിൽ, ലണ്ടൻ ഐയിൽ നീലയോ ചുവപ്പോ നിറത്തിലുള്ള വിളക്കുകൾ തെളിയുന്നതോടെ പരിസരം ഒരു സ്വപ്നലോകമായി മാറും. തിരക്കേറിയ ലണ്ടൻ തെരുവുകളിൽ നിന്നുമാറി, നദിയുടെ ശാന്തതയിലിരുന്ന് ഈ "ലണ്ടൻ നയനത്തെ' നോക്കിനിൽക്കുന്നത് ഏതൊരു സഞ്ചാരിക്കും മറക്കാനാവാത്ത ഒരോർമയായിരിക്കും.
ഒരേ ബിന്ദുവിൽനിന്ന് തുടങ്ങി, ഉയരങ്ങളിലേക്ക് കുതിച്ച്, കാഴ്ചകളുടെ ഭംഗി ആസ്വദിച്ച്, ഒടുവിൽ വീണ്ടും തുടങ്ങിയ ഇടത്തുതന്നെ വന്നുനിൽക്കുന്ന ഒരു വട്ടംകറങ്ങൽ! ഒരു വലിയ യന്ത്രഊഞ്ഞാൽ പോലെത്തന്നെയാണ് ചിലപ്പോൾ ജീവിതവും. ജീവിതം നമ്മെ ചിലപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിക്കും, മറ്റു ചിലപ്പോൾ അപ്രതീക്ഷിതമായി താഴേക്ക് എത്തിക്കും.
എവിടെയാണ് ഈ കറക്കം അവസാനിക്കുകയെന്നോ, എപ്പോഴാണ് ഒന്നു നിലയുറപ്പിക്കാൻ കഴിയുകയെന്നോ അറിയാതെ നമ്മൾ യാത്ര തുടരുന്നു... ഓരോ കറക്കത്തിലും പുതിയ പുതിയ കാഴ്ചകൾ കാണുന്നു. യാത്ര ഉയരങ്ങളിലേക്കായാലും താഴ്ചയിലേക്കായാലും, കറങ്ങിക്കൊണ്ടിരിക്കുക എന്നതാണ് ജീവിതത്തിന്റെ താളം. ആ കറക്കത്തിനിടയിൽ കാണുന്ന മനോഹരമായ കാഴ്ചകളെ ഹൃദയത്തോട് ചേർക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന കാര്യവും...
പൈതൃകം, പ്രതാപം, മരണം
ഒരുകാലത്ത് കടുത്ത മലിനീകരണം നേരിട്ടിരുന്ന തെംസ് നദി, ഇന്ന് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗര നദികളിലൊന്നായി കണക്കാക്കപ്പെടുന്നു. നദിയിലെ ജലനിരപ്പ് നിയന്ത്രിക്കാനും ലണ്ടൻ നഗരത്തെ വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷിക്കാനുമായി തെംസ് ബാരിയർ എന്ന അത്യാധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രശസ്തമായ ഓക്സ്ഫോർഡ്- കേംബ്രിഡ്ജ് ബോട്ട് റേസ് നടക്കുന്നത് തെംസ് നദിയിലാണെന്ന് റെക്കോർഡ് ചെയ്ത വിവരണത്തിൽ പറയുന്നുണ്ടായിരുന്നു.
തെംസ് നദി വെറുമൊരു ജലസ്രോതസല്ല, മറിച്ച് ഇംഗ്ലണ്ടിന്റെ പ്രതാപത്തിന്റെയും പൈതൃകത്തിന്റെയും അടയാളം കൂടിയാണ്. എങ്കിലും തെംസ് നദിയുടെ ആഴങ്ങളിൽ അനേകം സങ്കടകരമായ കഥകളും ഒളിഞ്ഞുകിടപ്പുണ്ട്.
"ഒഴുകുന്ന ചരിത്രം' എന്ന് വിളിക്കപ്പെടുന്ന ഈ നദിക്ക് വിക്ടോറിയൻ കാലഘട്ടം മുതൽക്കേ ആത്മഹത്യകളുമായി ബന്ധപ്പെട്ട ഒരു ഇരുണ്ടവശംകൂടിയുണ്ട്.
പത്തൊന്പതാം നൂറ്റാണ്ടിൽ ലണ്ടനിലെ വാട്ടർലൂ ബ്രിഡ്ജ് ആത്മഹത്യകൾക്ക് കുപ്രസിദ്ധമായിരുന്നു. അന്നത്തെ കാലത്ത് ഈ പാലം കടക്കാൻ ടോൾ (നികുതി) നൽകണമായിരുന്നു. അതിനാൽ തിരക്ക് കുറവായ ഈ പാലം ആത്മഹത്യചെയ്യാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും തെരഞ്ഞെടുത്തിരുന്നുവത്രേ!
പ്രശസ്ത കവി തോമസ് ഹുഡ് 1844ൽ എഴുതിയ "The Bridge of Sighs" എന്ന കവിത ഈ നദിയിൽ ചാടി മരിച്ച ഒരു യുവതിയെക്കുറിച്ചുള്ളതാണ്. ആ കവിത അക്കാലത്ത് വലിയ ചർച്ചയായി."അവളെ മൃദുവായി ഉയർത്തൂ, അത്രമേൽ സൂക്ഷ്മതയോടെ...' എന്ന വരികൾ അക്കാലത്ത് ലണ്ടൻ നഗരത്തിന്റെ മനഃസാക്ഷിയെ ഉണർത്തിയ ഒന്നായിരുന്നു. തോമസ് ഹുഡിന്റെ വരികളിൽ തെംസ് നദി ഒരു ശവക്കല്ലറയല്ല, മറിച്ച് ലോകം ഉപേക്ഷിച്ചവർക്ക് അഭയംനൽകുന്ന ശീതളമായ ഒരു മടിത്തട്ടാണ്...
വിക്ടോറിയൻ കാലഘട്ടത്തിലെ സാഹിത്യത്തിലും ചിത്രകലയിലും തെംസ് നദിയിലെ ആത്മഹത്യകൾ വലിയ പ്രമേയമായിരുന്നു. സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടവരും ദരിദ്രരുമായ സ്ത്രീകൾ അവസാന അഭയമെന്നനിലയിൽ തെംസ് നദിയെ കണ്ടിരുന്നതായി ചരിത്രരേഖകൾ പറയുന്നു.
ചാൾസ് ഡിക്കൻസ് തന്റെ കൃതികളിൽ ഇത്തരം സാഹചര്യങ്ങളെ ഹൃദയസ്പർശിയായി വിവരിച്ചിട്ടുണ്ട്. "ഒലിവർ ട്വിസ്റ്റ്' പോലുള്ള കൃതികളിൽ തെംസ് നദിയുടെ ഇരുണ്ട വശങ്ങളെയും അവിടത്തെ മരണങ്ങളെയുംകുറിച്ച് പരാമർശമുണ്ട്. ദാരിദ്ര്യംമൂലം ജീവിതം അവസാനിപ്പിക്കാൻ എത്തുന്നവരുടെ അവസാന അഭയസ്ഥാനമായി തെംസിനെ ഡിക്കൻസ് ചിത്രീകരിച്ചു.
തെംസിൽ "Dead Man's Hole" എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. നദിയിലെ ഒഴുക്കിന്റെ പ്രത്യേകതകൊണ്ട് മൃതദേഹങ്ങൾ വന്നടിയുന്ന ഒരിടമായിരുന്നു ഇത്. തെംസ് തീരത്ത് സ്ഥിതിചെയ്യുന്ന വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു മോർച്ചറി ആണ് ഡെഡ് മാൻസ് ഹോൾ. ടവർ ബ്രിഡ്ജിനു താഴെയുള്ള നദിയിൽ ഒഴുകിയെത്തുന്ന മൃതദേഹങ്ങൾ പിടിച്ചെടുക്കാനും താൽക്കാലികമായി സൂക്ഷിക്കാനുമായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.
ഇന്നും ലണ്ടൻ സന്ദർശിക്കുന്നവർക്ക് ഈ സ്ഥലം കാണാൻ സാധിക്കും. ചരിത്രപരമായ ഒരു കൗതുകം എന്നതിലുപരി അക്കാലത്തെ നദിയുടെ ഭീകരതയെ ഇത് ഓർമിപ്പിക്കുന്നു. മനുഷ്യൻ നിർമിച്ച നഗരം പുറന്തള്ളുന്ന "അനാവശ്യ' ജീവിതങ്ങളെ പ്രകൃതിതന്നെ ഒരിടത്ത് കൂട്ടിയിടുന്നു എന്ന വിരോധാഭാസം ഓർക്കാൻ കൗതുകമാണ്.. ഇന്ന് വിനോദസഞ്ചാരികൾ കൗതുകത്തോടെ നോക്കുന്ന ആ കരിങ്കൽ ഭിത്തികൾക്ക് പറയാനുള്ളത് എത്രയോ അജ്ഞാത ജീവിതങ്ങളുടെ അവസാന നിമിഷങ്ങളെക്കുറിച്ചായിരിക്കും!
വിക്ടോറിയൻ ലണ്ടനിലെ ദാരിദ്ര്യവും സാമൂഹികമായ അയിത്തവും പല സ്ത്രീകളെയും നദിയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ടു. സമൂഹത്തിന്റെ ധാർമിക ചട്ടക്കൂടുകളിൽനിന്ന് പുറന്തള്ളപ്പെട്ട സ്ത്രീകൾ, തങ്ങളെ വേട്ടയാടുന്ന ലജ്ജയിൽനിന്നും പട്ടിണിയിൽനിന്നും രക്ഷപെടാൻ തെംസിന്റെ കറുത്ത ഓളങ്ങളെ പുൽകി.
ഇന്നും തെംസ് നദിയിൽ ആത്മഹത്യാശ്രമങ്ങൾ നടക്കാറുണ്ട്. വർഷത്തിൽ എഴുനൂറോളം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. ലണ്ടൻ റിവർ പോലീസ് ഇത്തരം ശ്രമങ്ങൾ തടയാൻ നിരന്തരം ജാഗ്രത പാലിക്കുന്നു.
തെംസ് നദിയിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു ആധുനിക കഥ കൂടിയുണ്ട്. 2008ൽ വാട്ടർലൂ പാലത്തിൽനിന്ന് നദിയിലേക്കു ചാടാൻശ്രമിച്ച ജോണി ബെഞ്ചമിൻ എന്ന യുവാവിനെ നെയിൽ ലേബോൺ എന്ന അപരിചിതൻ സംസാരിച്ച് പിന്തിരിപ്പിച്ചുവെന്നും വർഷങ്ങൾക്കുശേഷം സോഷ്യൽ മീഡിയയിലൂടെ ജോണി തന്റെ ജീവൻ രക്ഷിച്ച ആ മനുഷ്യനെ കണ്ടെത്തിയെന്നും ഈ സംഭവം "The Stranger on the Bridge" എന്ന പേരിൽ ഡോക്യുമെന്ററിയാവുകയും ചെയ്തുവെന്നുമുള്ള സമീപകാല സംഭവം ഏറെ ചർച്ചയായിട്ടുണ്ട്.
നിലവിളികളുടെ ആഴം
തെംസ് വെറുമൊരു നദിയല്ല, അത് ലണ്ടൻ എന്ന മഹാനഗരത്തിന്റെ ചരിത്രസാക്ഷിയാണ്. ഒഴുക്കിന്റെ ഓരോ ചുഴിയിലും അത് സഹസ്രാബ്ദങ്ങളുടെ കഥകൾ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ആ ചരിത്രത്തിന് വിജയഗാഥകളുടെ തിളക്കം മാത്രമല്ല, നിലവിളികളുടെ ഇരുണ്ട ആഴങ്ങളുമുണ്ട്... നാം തെംസിനെ നോക്കി നിൽക്കുമ്പോൾ കാണുന്നത് ലണ്ടന്റെ പ്രതാപമാണ്.
എന്നാൽ കാതുകൂർപ്പിച്ചാൽ ആ ഓളപ്പരപ്പിനുതാഴെ പഴയകാലത്തെ ദരിദ്രരുടെ വിലാപങ്ങളും, ഉപേക്ഷിക്കപ്പെട്ടവരുടെ തേങ്ങലുകളും കേൾക്കാം. തെംസ് ഒരു കണ്ണാടിയാണ്; അത് ലണ്ടന്റെ വളർച്ചയെ മാത്രമല്ല, ആ വളർച്ചയ്ക്കിടയിൽ നാം മറന്നുപോയ മനുഷ്യത്വത്തിന്റെ ആഴങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ജീവിതത്തിന്റെ വേലിയേറ്റങ്ങളും ഇറക്കങ്ങളും പോലെ തെംസ് ഒഴുകിക്കൊണ്ടേയിരിക്കും- തിരിച്ചുകിട്ടാത്ത പ്രാണനുകളെയും പേറി, അവസാനിക്കാത്ത ചരിത്രത്തിന്റെ ഭാഗമായി...
തെംസ് നദിയിലൂടെയുള്ള ജലയാത്രയുടെ ഏറ്റവും ആകർഷകമായ ഭാഗം ടവർ ബ്രിഡ്ജിനടിയിലൂടെയുള്ള ബോട്ടിന്റെ പോക്കാണ്. നമ്മൾ പലപ്പോഴും സിനിമകളിലും പോസ്റ്റ്കാർഡുകളിലും കാണുന്ന, രണ്ടു വലിയ ഗോപുരങ്ങളുള്ള മനോഹരമായ പാലം ടവർ ബ്രിഡ്ജ് ആണ്. ഇതാണ് ലണ്ടൻ ബ്രിഡ്ജെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.
1894ലാണ് ഇത് പണിതീർത്തത്. അക്കാലത്ത് ലണ്ടൻ നഗരത്തിന്റെ കിഴക്കുഭാഗത്ത് ഗതാഗതം വർധിച്ചപ്പോൾ, കപ്പൽ ഗതാഗതത്തെ തടസപ്പെടുത്താതെ നിർമിച്ച അദ്ഭുതമാണിത്. വലിയ കപ്പലുകൾക്ക് കടന്നുപോകാനായി ഈ പാലം ചിലപ്പോൾ നടുവേ ഉയർത്താറുണ്ട്. ഗോഥിക് ശൈലിയിലുള്ള ഇതിന്റെ നിർമാണം ലണ്ടൻ ടവറിനോടു യോജിച്ചുനിൽക്കുന്ന തരത്തിലാണ്. ഇതിനടുത്തുതന്നെ ചരിത്രപ്രസിദ്ധമായ "ടവർ ഓഫ് ലണ്ടൻ' കോട്ടയും കാണാം...
ടവർ ബ്രിഡ്ജിന് തൊട്ടടുത്തായാണ് ലണ്ടൻ ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്. ടവർ ബ്രിഡ്ജിനോളം ആഡംബരപൂർണമായ രൂപമല്ലെങ്കിലും, ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നാണിത്. ലണ്ടനിൽ തെംസ് നദിക്കു കുറുകേ നിർമിക്കപ്പെട്ട ആദ്യത്തെ പാലം ഇതാണ്. എഡി 50ൽ റോമാക്കാരാണ് ഇവിടെ ആദ്യമായി തടി കൊണ്ട് പാലംപണിതത്. 1209ൽ പണിത ഈ പാലം വളരെ പ്രശസ്തമായിരുന്നു. പാലത്തിനു മുകളിൽ വീടുകളും കടകളും പള്ളികളും വരെ ഉണ്ടായിരുന്നു. ഇപ്പോൾ നമ്മൾ കാണുന്ന കോൺക്രീറ്റ് പാലം 1973ൽ എലിസബത്ത് രാജ്ഞി ഉദ്ഘാടനം ചെയ്തതാണ്.
ലണ്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ള ഹോംസ് കഥകളിൽ മിക്കപ്പോഴും തെംസ് നദിയും പരിസരത്തുള്ള പാലങ്ങളും കടന്നുവരാറുള്ളതോർത്തു... "ഹാരി പോട്ടർ' സീരീസിലെ സിനിമകളിലും പുസ്തകങ്ങളിലും ലണ്ടൻ നഗരത്തിന്റെ ഐഡന്റിറ്റിയായി ഈ പാലങ്ങൾ തെളിഞ്ഞുനിൽക്കാറുണ്ട്...
"London Bridge is falling down" എന്ന പ്രശസ്തമായ നഴ്സറി പാട്ട് ഈ പാലത്തിന്റെ തകർച്ചകളെക്കുറിച്ചാണെന്ന് പറയപ്പെടുന്നു.
കുട്ടിക്കാലത്ത് വിലാസിനി ടീച്ചർ ഈ പാട്ടു പാടുമ്പോൾ ഞങ്ങളെല്ലാവരും ക്ലാസിലിരുന്ന് അതേറ്റു പാടിയിരുന്ന കാലം ഓർമവന്നു... എത്ര ദൂരം പിന്നിട്ടു! ഒരു വിദൂരസങ്കല്പം മാത്രമായിരുന്നു അന്ന് ലണ്ടൻ ബ്രിഡ്ജ്... ഇന്നിതാ, ആ വിസ്മയം എന്റെ കൺമുന്നിൽ നിവർന്നു നിൽക്കുന്നു!
ഷേക്സ്പിയർ ഗ്ലോബ് തിയേറ്ററും ടവർ ഓഫ് ലണ്ടനുമെല്ലാം ഓരോരോ ചിത്രങ്ങളായി പിന്നിലേക്ക് മറഞ്ഞു കൊണ്ടിരുന്നു.
പാലത്തിന് താഴെക്കൂടെ ബോട്ട് കടന്നുപോകുമ്പോൾ മുകളിൽ ഉറുമ്പുകളെപ്പോലെ പായുന്ന മനുഷ്യരും വാഹനങ്ങളും. താഴെ ശാന്തമായി ഒഴുകുന്ന തെംസ്. കാലം ഒന്നു നിശ്ചലമായതുപോലെ...
യാത്ര അവസാനിക്കാറായപ്പോഴേക്കും ആകാശം മെല്ലെ നിറം മാറിത്തുടങ്ങിയിരുന്നു. തെംസിലെ വെള്ളത്തിന് ഇപ്പോൾ ഒരു കടും നീലനിറമാണ്. ലണ്ടൻ ഐയും ബിഗ് ബെന്നും ദൂരെ നിഴൽച്ചിത്രങ്ങൾ പോലെ തെളിഞ്ഞുനിന്നു...
സുഗതകുമാരിയുടെ വരികൾ വെറുതെ മൂളി...
"ആരോ പറയുന്നു തെംസ് നദീ നിന്നോടു
മൂകാനുരാഗം കലർന്നൊരാൾ വന്നു പോൽ...'