തൃശൂർ: സംസ്ഥാനത്തു ലഹരിക്കെതിരേ നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് പരിധിയിലെ പോലീസ് സ്റ്റേഷനുകളിൽനിന്നു വിവിധ കേസുകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കത്തിച്ചുനശിപ്പിച്ചു.
57.36 കിലോ കഞ്ചാവ്, 134.1 ഗ്രാം മെത്താഫെറ്റമിൻ, 389.34 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവുബീഡികൾ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞദിവസം പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ എന്നിവയാണ് ഇന്നലെ രാവിലെ 11നു പാലിയേക്കരയ്ക്കടുത്ത ചിറ്റിശേരിയിലെ ചൂളയിൽ കത്തിച്ചുനശിപ്പിച്ചത്. തൃശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ്, നാർക്കോട്ടിക് സെൽ എസിപി പി. ഷിബു, എഎസ്ഐ സനീഷ് ബാബു, വനിതാ സിവിൽ പോലീസ് ഓഫീസർ ഷിഫാന, സിപിഒമാരായ വിഷ്ണു ശിവൻ, വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പരിശോധന തുടരുമെന്നും ലഹരിയുടെ ഉപയോഗം, വിപണനം എന്നിവ ശ്രദ്ധയിൽപെട്ടാൽ കൃത്യമായ സ്ഥലം, അടുത്തുള്ള പോലീസ് സ്റ്റേഷൻ എന്നിവസഹിതം ഉടനെ "യോദ്ധാവി'ന്റെ 9995966666 എന്ന നന്പറിലേക്കു വാട്സാപ് മെസേജ് അയയ്ക്കുകയോ ആന്റി നാർക്കോട്ടിക് സെല്ലിന്റെ 9497927797 എന്ന നന്പറിൽ വിളിക്കുകയോ ചെയ്യാമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.