താമരശേരി: രാത്രിയിലോ പുലർച്ചെയോ അപരിചിതർ കോളിംഗ് ബെൽ അടിച്ചാൽ ഒരു കാരണവശാലും വാതിൽ തുറക്കരുതെന്നു താമരശേരി പോലീസിന്‍റെ മുന്നറിയിപ്പ്. പ്രദേശവാസികൾക്കാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
താമരശേരി പോലീസ് സ്റ്റേഷനു സമീപമുള്ള വെഴുപ്പൂർ, ഒതയോത്ത് മേഖലകളിലെ വീടുകളിലാണ് പുലർച്ചെ നാലോടെ മുഖം തുണികൊണ്ട് മറച്ച നിലയിൽ പൂർണ നഗ്നനായി അജ്ഞാതൻ എത്തി കോളിംഗ് ബെൽ അമർത്തിയതായി പരാതി ലഭിച്ചത്. വീട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ കണ്ടത്. ഇതോടെ നാട്ടിലെങ്ങും ആശങ്ക പരന്നിരിക്കുകയാണ്.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ മുഖം തുണികൊണ്ട് മറച്ച് വീടുകൾക്കു സമീപം പൂർണ നഗ്നനായി എത്തി കോളിംഗ് ബെൽ അമർത്തുന്ന ഒരാളെയാണ് കാണുന്നത്. ഇയാളുടെ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തെത്തുടർന്നു പോലീസ് പ്രദേശത്തു പരിശോധന ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സംശയാസ്പദമായ സാഹചര്യങ്ങളോ വ്യക്തികളെയോ കണ്ടാൽ ഉടൻതന്നെ പോലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്. അസാധാരണ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻവശത്തായി താമരശേരി വെഴുപ്പൂർ ഒതയോത്ത് ഭാഗത്തുള്ള വീടുകളുടെ മുറ്റത്താണ് പൂർണ നഗനായി മുഖം മറച്ച് അജ്ഞാതൻ എത്തിയത്. സിസിടിവിയിൽ പതിഞ്ഞ വീട്ടിൽ ആദ്യം ബെഡ് റൂം ഭാഗത്താണ് ജനലിലൂടെ അജ്ഞാതനെ കണ്ടത്. പിന്നീട് പിൻഭാഗത്തു കൂടെ വീടിന്‍റെ മുന്നിൽ എത്തുകയായിരുന്നു. തുടർന്ന് കോളിംഗ് ബെൽ അടിച്ചു. വീട്ടുകാർ ഉണർന്നപ്പോൾ വീടിന്‍റെ വശത്തേക്കു മാറി. നാട്ടുകാരെ വിളിച്ചുകൂട്ട
ന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വീടുകളിൽ ബെൽ അടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്.
താമരശേരി പോലീസ് സ്റ്റേഷന് തൊട്ടു മുന്നിലായിട്ടുള്ള ഭാഗത്താണ് സംഭവം നടക്കുന്നത്. ഏതാനും മാസം മുമ്പ് താമരശേരി കാരാടിയിൽ വീടിനകത്ത് കിടക്കുകയായിരുന്ന വിദ്യാർഥിനിയുടെ മുഖത്ത് അജ്ഞാതൻ തുണിയിൽ ശേഖരിച്ച ശുചി മുറി മാലിന്യം പുരട്ടിയിരുന്നു. താമരശേരി കോരങ്ങാട് ഭാഗത്തും വീടുകളിൽ ഒളിഞ്ഞു നോക്കുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു, നാട്ടുകാർ സംഘടിച്ച് തെരച്ചിൽ ആരംഭിച്ചതോടെ തെരച്ചിലിനായി ആരംഭിച്ച വാട്ട്സ്ആആപ്പ് ഗ്രൂപ്പ് അഡ്മിമിൻ തന്നെ പിടിയിലാവുന്ന സ്ഥിതി ഉണ്ടായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രം, ചെരിപ്പ് എന്നിവ മോഷ്‌ടിക്കുന്ന നിരവധി സംഭവങ്ങളും താമരശേരിയിലും പരിസരത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.