അമൃത്സർ: പഞ്ചാബിൽ കൗമാരക്കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിക്കുകയും തെളിവുകൾ തീയിട്ടു നശിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. പഞ്ചാബിലെ നവാംഷഹറിലാണ് സംഭവം.
നവാംഷഹർ ഗർഹ്ശങ്കർ റോഡിലെ പീർ വാലി ഗലിയിൽ താമസിക്കുന്ന ഉഷാ റാണിയുടെ 15കാരിയായ മകൾ രാധികയാണ് കൊല്ലപ്പെട്ടത്. മേയ് 29 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു.
ഉഷാ റാണിയുമായി പ്രണയത്തിലായിരുന്ന ഗുർവിന്ദർ സിംഗ് (23) എന്ന ഗോപയാണ് കേസിലെ പ്രതി. 45കാരിയായ ഉഷാ റാണിയുമായുള്ള ഗുർവിന്ദറിന്റെ ബന്ധത്തെ മകൾ രാധിക ശക്തമായി എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മേയ് 29ന് ഉഷാ റാണി ജോലിക്ക് പോയ സമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നപ്പോഴാണ് പ്രതി സ്ഥലത്തെത്തി പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി മോട്ടോർ സൈക്കിളിന് പിന്നിൽ കെട്ടിവച്ച് ഹോഷിയാർപൂർ ജില്ലയിലെ ഖുരാൽഗഡ് സാഹിബിന് അടുത്തുള്ള വനമേഖലയിൽ എത്തിച്ചു.
അവിടെവച്ച് തെളിവ് നശിപ്പിക്കാനായി സ്യൂട്ട്കേസിനും മൃതദേഹത്തിനും തീയിടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് പെൺകുട്ടിയുടെ പൂർണമായും കത്തിയ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.