വടക്കഞ്ചേരി: വടക്കഞ്ചേരിയിലും കണ്ണമ്പ്രയിലുമുണ്ടായ തെരുവുനായ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. വടക്കഞ്ചേരി ടൗണിൽ ഇന്നലെ രാത്രി ഏഴു മണിയോടു കൂടിയാണ് നായയുടെ ആക്രമണമുണ്ടായത്.
ബസ് സ്റ്റാൻഡിനടുത്തും ടിആർ മിൽ ജംഗ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലുള്ളവരെയാണ് നായ കടിച്ചത്.
വടക്കഞ്ചേരി ചന്തപ്പുര സ്വദേശികളായ സലിം (45), പാർഥസാരഥി (60), പന്തലാംപാടം സ്വദേശി ഓമന (49), കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി, ഇതരസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് കടിയേറ്റത്.പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പലർക്കും കാലിലും വയറിലും നെഞ്ചിലുമാണ് കടിയേറ്റത്.
നായയെ കിഴക്കഞ്ചേരി റോഡിൽ വച്ച് നാട്ടുകാർ തല്ലിക്കൊന്നു. നായയെ പേവിഷബാധ പരിശോധനയ്ക്ക് വിധേയമാക്കും.കണ്ണമ്പ്ര കല്ലിങ്കൽപ്പാടത്ത് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ആർ. മുരളി (51), കല്ലിങ്കൽപ്പാടം വായനശാല സെക്രട്ടറി സി.ടി. പ്രഭാകരൻ (67) എന്നിവർക്കാണ് കടിയേറ്റത്.
വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് കണ്ണമ്പ്രയിൽ നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു