കൊച്ചി: ഭരണഘടനാപരമായ നീതി ഉറപ്പാക്കുന്നതില്‍ ഹൈക്കോടതികള്‍ക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് പതിറ്റാണ്ടുകളായി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിലും കേരള ഹൈക്കോടതി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതിന്യായ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേസുകള്‍ സമയബന്ധിതമായി പരിഗണിക്കുന്നതിനും അടിയന്തര വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കേന്ദ്ര മന്ത്രി അര്ജുന് റാം മേഘ്വാള്, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സരസ വെങ്കടനാരായണ ഭട്ടി, ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, അഡ്വക്കറ്റ് ജനറല്‍ കെ. ജാജു ബാബു, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. ശ്രീകുമാര്‍, ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് പീയൂസ് എ. കൊട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.