ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയിൽ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation).
* ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്.
* അതു നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള ഒക്കുപ്പേഷണൽ (occupational) ഫിസിയോതെറാപ്പിയാണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചു കിടത്തേണ്ടതാണ്.
പ്രശ്നങ്ങളും പരിഹാരങ്ങളും
1. സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു
നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരവും സാധനങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നതു പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായകമാകുന്നു. എന്നാല്‍ സ്ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
* രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
* കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമില്‍ വേണം.
* കാല് തട്ടി വീഴാന്‍ കാരണമാകുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്.
* തിരിയുമ്പോഴും കട്ടിലില്‍ നിന്ന് എഴുന്നേല്ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. പാകമായതും കനം കുറഞ്ഞ സോളോടു കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ വേണം ഉപയോഗിക്കുവാന്‍.
2. ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍
സ്ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്.
* ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക
* ഉച്ചത്തില്‍ വായിക്കുക
* പേരുകള്‍, ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക
* കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക
3. ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം
സ്ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്.
* ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാണ്.
* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കണം. മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
* കിടന്നു കൊണ്ട് ഭക്ഷണം കഴിക്കരുത്.
4. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കുറവ്, ഓര്‍മക്കുറവ്
ഏകാഗ്രത വീണ്ടെടുക്കാം
* കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുക
* ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക
* ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കുക
* ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക...
* ശാന്തമായി വിശ്രമിക്കുക
* ചെറിയ നടത്തത്തിനു പോകുക
* സംഗീതം ആസ്വദിക്കുക...
5. ജീവിതം നഷ്ടമായി എന്ന തോന്നൽ
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത് സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിനു കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്.
വിഷാദം മാറ്റാന്‍
* സ്വയം സമാധാനപ്പെടുക
* എപ്പോഴും മുന്നോട്ടു പോകുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക.
* മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക
* കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക
* വിഷാദരോഗം മാറ്റുനതിന് വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക
* മനസിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക.
വിവരങ്ങൾ - ഡോ. സുശാന്ത് എം. ജെ. MD.DM, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം ഫോൺ - 9995688962
എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888