കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോംഗ് റൂം തുറന്നെന്ന പരാതിയിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. യുഡിഎഫ് ഉന്നയിച്ച പരാതിയിൽ അടിയന്തരമായി വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് എം.കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിലെത്തിയത്.
കോഴിക്കോട് ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിലെ സ്ട്രോംഗ് റൂം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അറിയിക്കാതെ തുറന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് വോട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, എം.കെ രാഘവൻ എംപി എന്നിവർ ആരോപിച്ചു.
എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമല്ല തുറന്നതെന്നും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച മുറിയാണ് പരിശോധനയുടെ ഭാഗമായി തുറന്നതെന്നും അധികൃതർ വ്യക്തമാക്കി. പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ പരിശോധിക്കുന്നതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തന്നെയാണ് മുറി തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
ഉദ്യോഗസ്ഥർ തെറ്റായ മുറിയാണ് തുറന്നതെന്ന് കരുതിയാണ് പ്രതിഷേധമുണ്ടായതെന്നാണ് ഔദ്യോഗിക പക്ഷം. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടി. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും സുരക്ഷ കർശനമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.