ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത പതിനാലുകാരി നിഷു ആസാദിന്റെ വീടിനു നേരേ കല്ലെറിയുകയും ബലാത്സംഗഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഭീഷണി നേരിടുന്നത് നിസാരമായി കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുന്ന ഇരയെയോ കുടുംബത്തെയോ ഭയപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആറിന്റെ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തർപ്രദേശ് പൊലിസിനോട് ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ കുടുംബത്തിനു നൽകിയിട്ടുള്ള സുരക്ഷ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ വിശദീകരിക്കാനും കുറ്റക്കാർക്കെതിരേ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും നിർദേശമുണ്ട്.
എഫ്ഐആറിൽ ഉടനടി നടപടിയെടുക്കാനും പെൺകുട്ടിക്ക് യുപി പൊലിസ് സുരക്ഷ നൽകാനും പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷന് അന്വേഷണച്ചുമതല നൽകാനും ബെഞ്ച് ഉത്തരവിട്ടു.
പെൺകുട്ടിക്കെതിരേ ആക്രമണം നടത്തിയവർക്കൊപ്പം നാലു പൊലിസുകാരുണ്ടായിരുന്നതായി വീഡിയോയിലുണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി കർശന ഉത്തരവ് പുറപ്പെടുവിച്ചത്.
നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ ഹിന്ദുത്വ ഇൻഫ്ലുവൻസറെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീടിനു നേരേ കല്ലേറുണ്ടായത്. ആക്രമണം നടത്തിയവർക്കെതിരേ നടപടിയെടുക്കാതെ പെൺകുട്ടിക്കെതിരേ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി.