ഗാലെ: വെയിലും മഴയും ഹൈഡ് ആന്‍ഡ് സീക്ക് കളിച്ചപ്പോള്‍ ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നഷ്ടമായത് 17 ഓവര്‍. ഇന്ത്യ x ശ്രീലങ്ക രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ആദ്യദിനം മഴയുടെ വരവ് ഫ്ളോ നഷ്ടപ്പെടുത്തി. എങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധികാരികതയില്‍ ലങ്കയ്ക്കു മറുപടിയില്ലായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യ, 288/2 എന്ന നിലയില്‍ ആദ്യദിനം ക്രീസ് വിട്ടു. സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ മികവാണ് ഇന്ത്യന്‍ ഇന്നിംഗ്സിനു കരുത്തായത്. അതോടെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തില്‍ അരങ്ങേറുന്ന, ടീം ഇന്ത്യയുടെ 600-ാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യദിനം ത്രിവര്‍ണം പാറി...
കന്നി സെഞ്ചുറി
മൂന്നാം നമ്പറായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ നേരിട്ട 134-ാം പന്തില്‍ സെഞ്ചുറി തികച്ചു. മലപ്പുറത്തു വേരുകളുള്ള ദേവ്ദത്തിന്റെ മൂന്നാം ടെസ്റ്റ് മത്സരമാണിത്. രണ്ടാം വിക്കറ്റില്‍ കെ.എല്‍. രാഹുലിനൊപ്പം 150 റണ്‍സ് കൂട്ടുകെട്ടും ദേവ്ദത്ത് പടിക്കല്‍ കെട്ടിപ്പടുത്തു.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 39ഉം നാലാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം അഭേദ്യമായ 52 റണ്‍സിന്റെ കൂട്ടുകെട്ടിലും പടിക്കല്‍ പങ്കാളിയായി. 28 പന്തില്‍ 16 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ പ്രഭാത് ജയസൂര്യയുടെ പന്തില്‍ പുറത്തായി. ഗില്ലിന്റെ പുറത്താകലായിരുന്നു ഏക തിരിച്ചടി.
178 പന്തില്‍ ഒരു സിക്സും 12 ഫോറും അടക്കം 131 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ ക്രീസില്‍ തുടരുന്നു. 36 പന്തില്‍ 27 റണ്‍സ് നേടിയ ഋഷഭ് പന്താണ് കൂട്ടിനുള്ളത്.
ജയ്സ്വാള്‍ റണ്ണൗട്ട്; രാഹുല്‍ റിട്ടയേർഡ്
നിര്‍ഭാഗ്യവും ആശയവിനിമയത്തിലെ പിഴവും കാരണമായിരുന്നു യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത്. 37 പന്തില്‍ 32 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ജയ്സ്വാള്‍, നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ വച്ചാണ് റണ്ണൗട്ടായത്. രാഹുലിന്റെ മിഡ്-ഓണ്‍ സ്ട്രോക്ക്.
പന്തിനായി ബൗളര്‍ ഡൈവ് ചെയ്തപ്പോള്‍ ജയ്സ്വാളിന്റെ കാലില്‍ തട്ടി. ജയ്സ്വാള്‍ വീണു. ഓടാന്‍ ശ്രമിച്ചെങ്കിലും തിരികെ ക്രീസിലേക്ക്. എന്നാല്‍, അപ്പോഴേക്കും രാഹുല്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ എത്തുകയും പന്തു ലഭിച്ച വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു. അതോടെ ജയ്സ്വാള്‍ പവലിയനിലേക്കു മടങ്ങി.
162 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും അടക്കം 77 റണ്‍സ് എടുത്ത കെ.എല്‍. രാഹുല്‍ പേശിവലിവിനെ തുടര്‍ന്നു റിട്ടയര്‍ ചെയ്തു. ചായയ്ക്കുശേഷം ക്രീസിലേക്ക് തിരിച്ചെത്താന്‍ രാഹുലിനു സാധിച്ചില്ല. ഇന്ത്യന്‍ സ്കോര്‍ 197ല്‍ എത്തിയപ്പോഴായിരുന്നു അത്.