ലണ്ടൻ: ആഗോളതാപനത്തിൽ ചുട്ടുപൊള്ളുന്ന ഭൂമിക്കുമേൽ കടുത്ത ആശങ്കയുയർത്തി ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ക്രമാതീതമായി ഉയർത്തുന്ന എൽ നിനോ പ്രതിഭാസം വരും ആഴ്ചകളിൽ കൂടുതൽ ശക്തമാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനങ്ങൾ ശരിവയ്ക്കുകയാണെങ്കിൽ ചരിത്രത്തിലെതന്നെ ഏറ്റവും വിനാശകരമായ സൂപ്പൽ എൽനിനോയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ലോക കാലാവസ്ഥാ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ എൽനിനോ അതിന്റെ പൂർണതീവ്രത കൈവരിക്കും. ഇത് ആഗോളതലത്തിൽ വൻതോതിലുള്ള പ്രകൃതിക്ഷോഭത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
► സമുദ്രത്തിനടിയിലെ ഭീഷണി
പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ സാധാരണയായി കൊടുംതണുപ്പാണ് രേഖപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും നാളുകളിലായി താപനില കുത്തനെ ഉയരുന്ന പ്രതിഭാസമാണ് നിലനിൽക്കുന്നത്.
ഉപരിതല താപനിലയ്ക്കൊപ്പം കടലിന്റെ ആഴങ്ങളിൽ വൻതോതിൽ ചൂടുപിടിച്ച നീരൊഴുക്കുകൾ രൂപപ്പെടുന്നതായി ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു. കടലിന്റെ അടിത്തട്ടിൽ സാധാരണയേക്കാൾ ആറു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതായാണു കണ്ടെത്തൽ.
സമുദ്രോപരിതലത്തിലെ താപനില സാധാരണനിലയേക്കാൾ രണ്ടു ഡിഗ്രിയിലധികം ഉയർന്നാൽ അതിനെ സൂപ്പർ എൽനിനോയായിട്ടാണ് കണക്കാക്കുന്നത്. 1950നുശേഷം അപൂർവമായി മാത്രമാണ് ഇത്തരമൊരു പ്രതിഭാസം ഉടലെടുത്തിട്ടുള്ളത്.
► കൊടുംചൂടിന്റെ കാലം
സാധാരണയായി ഡിസംബർ മാസത്തോടെയാണ് എൽനിനോ അതിന്റെ പരാമവധി ശക്തിയിലെത്തുന്നത്. നിലവിലെ ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷങ്ങളാകും വരാനിരിക്കുന്നതെന്ന് യുകെയിലെ കാലാവസ്ഥാ വിഭാഗം മേധാവി ആഡം സ്കൈഫ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ രാജ്യങ്ങൾ അടിയന്തര മുൻകരുതലെടുക്കണമെന്ന് ഐക്യരാഷ്ട്ര സഭ നിർദേശിച്ചു. തിളച്ചുമറിയുന്ന ഭൂമിയിലേക്ക് എണ്ണയൊഴിക്കുന്നതിന് തുല്യമായിരിക്കും സൂപ്പർ എൽനിനോയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇതിന്റെ ആഘാതം അതീവഗുരുതരവും വിനാശകരവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ എൽനിനോ പ്രതിഭാസം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാലവർഷത്തെ സാരമായി ബാധിക്കാറുണ്ട്. ഇന്ത്യയിൽ മഴയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ ഇതു കാരണമായേക്കാം. രാജ്യത്ത് ഈ വർഷം കാലവർഷം ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.