കണ്ണൂര്‍: ചാനൽ അഭിമുഖത്തിൽ പി. ജയരാജനെ കരുത്തൻ എന്ന് വിശേഷിപ്പിച്ചതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ഒരു സ്വകാര്യ ചാനൽ നടത്തിയ അഭിമുഖത്തിൽ പി.ജയരാജന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യമാണ് ഇ.പി. ജയരാജനെ പ്രകോപിപ്പിച്ചത്.
പാർട്ടിയിലെ ഒരാളെ മാത്രം കരുത്തനെന്ന രീതിയിൽ വിശേഷിപ്പിക്കുന്ന സദുദ്ദേശ്യപരമല്ല, പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലാത്തവരാണോ എന്ന് ഇ.പി. ജയരാജൻ തിരിച്ചു ചോദിച്ചു. പാർട്ടിക്കുള്ളിൽ അനാവശ്യ ചർച്ച സൃഷ്ടിക്കാനുള്ള സമീപനമാണ് ചോദ്യമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഈ പാര്‍ട്ടിയില്‍ പ്രാപ്തിയില്ലാത്തവര്‍ ആരാണെന്നും അദ്ദേഹം അഭിമുഖം നടത്തിയ ആളോട് ചോദിക്കുന്നുണ്ട്.
പി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കേ വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പാർട്ടി സെക്രട്ടറിസ്ഥാനം ഒഴിയുകയായിരുന്നു. അതിനു മുന്‍പ് പി. ജയരാജനെ പുകഴ്ത്തിയുള്ള സംഗീത ആൽബം പുറത്തിറങ്ങിയതു മുതൽ പാർട്ടി നേതൃത്വത്തിന് അനഭിമതനായിരുന്നു. തെരഞ്ഞെടുപ്പിൽ പി. ജയരാജൻ പരാജയപ്പെട്ടു. എന്നാൽ, കണ്ണൂർ അദ്ദേഹം ഒഴിഞ്ഞുകൊടുത്ത ജില്ലാ സെക്രട്ടറി സ്ഥാനം പാർട്ടി തിരിച്ചുനൽകിയിരുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഖാദിബോർഡ് ചെയർമാൻ സ്ഥാനം നൽകിയെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ തഴയപ്പെട്ടിരുന്നു. ഇതെല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരിൽ ഏറെ ചർച്ചയായിരുന്നു.
ഇ.പി. ജയരാജനെതിരായ റിസോര്‍ട്ട് വിവാദം സംസ്ഥാനക്കമ്മിറ്റിയില് കൊണ്ടുവന്നത് പി. ജയരാജനായിരുന്നു. പാര്‍ട്ടിക്കകത്തും പുറത്തും ഇത് ഇ.പിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.