രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്ന പ്രതിക്ഷേധങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. പൂർണമായും താനൊരു അരാഷ്ട്രീയവാദിയാണെന്ന് വ്യക്തമാക്കിയ മാധവ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ പോലീസ് നടപടിയെയും രാഷ്ട്രീയ മുതലെടുപ്പുകളെയും ഒരുപോലെ വിമർശിച്ചു.
ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ രാജ്യത്തിന്റെ ഭാവിയായ വിദ്യാർത്ഥികൾക്ക് നേരെ അമിതബലപ്രയോഗം നടത്തുന്നു. മറുഭാഗത്ത്, സ്വന്തം അജണ്ടകൾ നടപ്പിലാക്കാനും രാഷ്ട്രീയ ലാഭത്തിനുമായി പ്രതിപക്ഷം ജനങ്ങളെ ഉപയോഗിക്കുകയാണെന്നും മാധവ് ആരോപിച്ചു.
തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ സന്ദേശമയച്ച വ്യക്തിക്ക് നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് മാധവ് തന്റെ നിലപാട് വ്യക്തമാക്കിയത്.
‘‘ഇവിടെ സംഭവിക്കുന്നതൊക്കെ വളരെ മോശമായ കാര്യങ്ങളാണ്! നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ, നമ്മുടെ രാജ്യത്തിന്റെ ഭാവിയായവർക്ക് നേരെ അമിതബലപ്രയോഗം നടത്തുന്നു.
അധികാരത്തിലുള്ള ഭരണകൂടത്തിന് ആരോഗ്യകരമായ ഒരു മത്സരം നൽകേണ്ടവർ, സ്വന്തം കാര്യങ്ങൾ നേരെയാക്കുന്നതിന് പകരം സ്വന്തം അജണ്ടകൾ നടപ്പിലാക്കാൻ ആളുകളെ കൃത്രിമമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ഏത് വഴിയായാലും, ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീപുരുഷന്മാരാണ് ഒടുവിൽ തോറ്റുപോകുന്നത്. നമ്മുടെ രാജ്യത്തിന് എല്ലാവിധ ആശംസകളും. ഇതിനെല്ലാം ശാശ്വതവും സമാധാനപരവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, എങ്കിലും ഇപ്പോൾ അത് വളരെ അസാധ്യമാണെന്നാണ് തോന്നുന്നത്. എപ്പോഴും ഇന്ത്യ മാത്രം ഒന്നാമത്, എപ്പോഴും!!!
എന്നിൽ നിന്ന് ഒരു നിഷ്പക്ഷമായ അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന ഒരു സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ, നിങ്ങളെ നിരാശപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്!
കണ്ണുതുറന്ന് ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണൂ. ഒരു കൂട്ടർ വിദ്യാർഥികളെ ആക്രമിക്കുമ്പോൾ, മറു കൂട്ടർ അവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് നിങ്ങൾക്ക് ശരിക്കും ആശങ്കയുണ്ടെങ്കിൽ, ഇതിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ലായിരുന്നു.
ഓരോ ഇന്ത്യക്കാരനും ഇത് മനസിലാക്കുമെന്ന് ഞാൻ കരുതുന്നു! ഒരു പ്രതിഷേധത്തെ നിർബന്ധിച്ച് പിന്തുണപ്പിക്കുന്ന രീതി വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, മിണ്ടാതിരിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ്. കാരണം, ഭീഷണിയിലൂടെയോ നിർബന്ധത്തിലൂടെയോ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാഷിസത്തിന്റെ വ്യക്തമായ അടയാളമാണ്.
പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി. ആവശ്യമില്ലാത്ത പരുക്കൻ സന്ദേശങ്ങൾക്ക് അതേ രീതിയിൽ തന്നെ മറുപടി നൽകുന്നതായിരിക്കും. ബിജെപിയോടുള്ള തങ്ങളുടെ വെറുപ്പ് ഇന്ത്യയോടുള്ള സ്നേഹത്തേക്കാൾ വലുതാണെന്ന് ഒരാൾ എന്നോട് പറയുകയുണ്ടായി. ദയവായി അങ്ങനെയാകരുത്.
പിന്നെ അവസാനമായി ഒരു കാര്യം കൂടി. ഞാൻ അരാഷ്ട്രീയവാദിയാണ്. സ്വന്തം താൽപ്പര്യങ്ങളേക്കാൾ രാജ്യത്തിന് മുൻഗണന നൽകുന്ന അനുയോജ്യമായ ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ രൂപപ്പെടുന്നത് വരെ ഞാൻ അങ്ങനെ തന്നെ തുടരുകയും ചെയ്യും.’’ മാധവ് സുരേഷ്ഗോപി കുറിച്ചു.