ന്യൂഡൽഹി: നീറ്റ് പരീക്ഷാചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേയുള്ള സമരത്തിന്‍റെ വിജയം ജീവനൊടുക്കിയ 21 വിദ്യാർഥികൾക്കായി സമർപ്പിച്ച് സിജെപി സ്ഥാപകനേതാവ് അഭിജിത്ത് ദീപ്കെ. 35 ദിവസം നീണ്ട സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചെന്ന വാർത്ത എത്തിയതോടെ വലിയ ആവേശത്തിരയിലായ ജന്തർ മന്തറിലെ സമരവേദിയിൽ നീറ്റ് പരീക്ഷ മാറ്റിയതിനെത്തുടർന്നു ജീവനൊടുക്കിയ 21 പേരുടെ പേരുകൾ വിളിച്ചു പറഞ്ഞാണ്ഈ സമരത്തിന്‍റെ വിജയം കോക്രോച്ച് ജനത പാർട്ടി അവർക്കായി സമർപ്പിച്ചത്.
ഒരു പ്രവർത്തകയാണ് മന്ത്രി രാജിവച്ച വിവരം മൊബൈൽ ഫോണിൽ അഭിജിത്തിനു കാണിച്ചുകൊടുത്തത്. ഇതോടെ ആവേശത്തിലായ അഭിജിത്ത് തറയിൽ പലവട്ടം അടിച്ചാണ് സമരവിജയം ആഘോഷിച്ചത്.
രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികളാണ് മാനസിക സമ്മർദങ്ങൾക്കൊടുവിൽ ജീവനൊടുക്കിയത്. ചോദ്യപേപ്പറുകൾ ചോരുകയും പരീക്ഷ റദ്ദാക്കുകയുംചെയ്തത് ഏറെ തയാറെടുപ്പുകളോടെ പണം മുടക്കി പരീക്ഷ എഴുതിയ വിദ്യാർഥികൾക്കു വൻ ദുരിതം സമ്മാനിച്ചിരുന്നു.
പരീക്ഷ നടത്തിപ്പിലെ തട്ടിപ്പുകളും തുടർന്നുണ്ടായ അനീതികളുമാണ് കുട്ടികളെ അരക്ഷിതാ വസ്ഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടതെന്ന് ആരോപണം ഉയർന്നിരുന്നു.
കുട്ടികൾക്കിടയിൽ രാജ്യവ്യാപകമായി ഉയർന്ന രോഷം സിജെപി ഏറ്റെടുത്തതോടെ ഭരണകൂടത്തെ ഇളക്കിയ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇതാണ് ഒടുവിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്കു വഴിതെളിച്ചത്. ഇത്രയും വിദ്യാർഥികൾ ജീവനൊടുക്കിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നു യാതൊരുവിധ ഉത്തരവാധിത്തവും ഉണ്ടാവില്ലെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധകാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങളിൽ സിജെപി ഉറച്ചുനിൽക്കുകയാണ്. ഇതും കേന്ദ്രസർക്കാർ അംഗീകരിച്ചേക്കുമെന്നാണ് സൂചനകൾ. രാജ്യത്തെ വിദ്യാർഥികളുടെ ജീവനും ഭാവിക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ പരീക്ഷ സമ്പ്രദായങ്ങളിൽ മാറ്റങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.