മലപ്പുറം: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് മലപ്പുറത്തെ കളി ആരാധകർ. പ്രായഭേദമന്യേ ഫുട്ബോൾ പ്രേമികൾ മത്സരങ്ങൾ സംഘടിപ്പിച്ചും ഷൂട്ടൗട്ട് നടത്തിയും ലോകകപ്പിനെ നെഞ്ചേറ്റുകയാണ്. വിവിധയിടങ്ങളിൽ സ്കൂൾ തലത്തിൽ ഫുട്ബോൾ മേളകൾ സംഘടിപ്പിച്ചു.
നെൻമേനി: ലോകകപ്പ് പ്രമാണിച്ച് നെൻമേനി വിദ്യാജ്യോതി യുപി സ്കൂൾ ടീം ഫാൻസുകളുടെ ഷൂട്ടൗട്ട് മത്സരം നടത്തി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ ടീമുകളെ പ്രതിനിധീകരിച്ച അതത് ജഴ്സികളണിഞ്ഞാണ് വിദ്യാർഥികൾ മത്സരിച്ചത്.
ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് ടീം ഫ്രാൻസ് വിദ്യാജ്യോതി യുപിഎസ് വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കളായി.വിവിധ ടീമുകളുടെ ജഴ്സികളണിഞ്ഞുള്ള പരേഡും ഫോട്ടോ സെഷനും ഇതോടൊപ്പം നടന്നു. പ്രധാനാധ്യാപിക ഷൈനി മാത്യു മത്സരം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സിബി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷൈജി ടീച്ചർ, മറ്റ് അധ്യാപകർ നേതൃത്വം നൽകി.
വണ്ടൂർ: വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പിനെ വരവേറ്റ് വിദ്യാർഥികൾ. കിക്കോഫ് പ്രിൻസിപ്പൽ മായ നിഷാന്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഇ.പി. ഫിറോസ്, സീനിയർ അസിസ്റ്റന്റ് ഹൈദരലി പുന്നപ്പാല, സ്റ്റാഫ് സെക്രട്ടറി അജ്മൽ കോയ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. രതി എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ വി. ഷാനവാസ്, എം. വിനോദ്, പ്രശാന്ത്, പി. റിയാസ്, ഡോ. ഇ.കെ. റഷീദ്, പി. സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകി. ഷൂട്ടൗട്ട് മത്സരം പിടിഎ പ്രസിഡന്റ് ഇ.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബാന്റിന്റെ അകന്പടിയോടെ ഫുട്ബോൾ ഫാൻസിന്റെ റാലിയും നടന്നു. വരുംദിവസങ്ങളിൽ ഫുട്ബോൾ മാച്ച്, പ്രവചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തും.
എടക്കര: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് തണ്ണിക്കടവ് എയുപി സ്കൂളിൽ വിദ്യാർഥികളുടെ ആനന്ദ നൃത്തം. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞ് കുട്ടി ആരാധകർ മൈതാനത്ത് ആവേശപൂർവം നൃത്തം ചെയ്തു. കളിക്കാരുടെ ചിത്രങ്ങളുമായി വിദ്യാർഥികൾ ലോകകപ്പിന് ആവേശകരമായ വരവേൽപ്പ് നൽകുകയായിരുന്നു.
വിവിധ ടീമുകളായി തിരിഞ്ഞുള്ള ഷൂട്ടൗട്ട് മത്സരത്തിൽ പോർച്ചുഗൽ ജേതാക്കളായി. വിജയികൾക്ക് ലോകകപ്പിന്റെ മാതൃക സ്കൂൾ അധികൃതർ സമ്മാനിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാധ്യാപകൻ ജെ.കെ. ജെയ്സണ് ഉദ്ഘാടനം ചെയ്തു. ക്ലബ് കണ്വീനർ വി.എം. നിഖിൽ, ക്ലബ് സെക്രട്ടറി കെ. അംജദ് കെ.എച്ച്. സിദീഖ്, ഹാമിദ് ഹുസൈൻ, കെ. ജാബിർ, കെ.കെ. റിയാസ്, സി. അർഷദ്, പി. ആഷിഖ്, കെ.എ. നസ്രിൻ, പി. രാധിക, ടി.പി. സുരയ്യ എന്നിവർ നേതൃത്വം നൽകി.