ചെന്നൈ: സൈദാപ്പേട്ടിലെ എം.സി. രാജ ആദി ദ്രാവിഡർ വിദ്യാർഥി ഹോസ്റ്റലിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ മിന്നൽ സന്ദർശനം. അധികൃതരെപ്പോലും അറിയിക്കാതെ അപ്രതീക്ഷിതമായി എത്തിയ മുഖ്യമന്ത്രിയെ കണ്ടതോടെ തങ്ങൾ നേരിടുന്ന കടുത്ത ദുരനുഭവങ്ങൾ അക്കമിട്ടു നിരത്തി വിദ്യാർഥികൾ.
ഭക്ഷണത്തിന്റെ മോശം ഗുണനിലവാരത്തെക്കുറിച്ചായിരുന്നു ഭൂരിഭാഗം പേരുടെയും പരാതി. ചോറിൽ നിന്ന് പുഴുക്കളെ കിട്ടുന്നത് ഇവിടെ പതിവാണെന്നും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞവർഷം സമരം ചെയ്തപ്പോൾ കുറച്ചുദിവസം നല്ല ഭക്ഷണം ലഭിച്ചെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയാവുകയായിരുന്നു.
അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷവും, പാചകക്കാർ ഗ്ലൗസോ തൊപ്പിയോ ധരിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഗുരുതരമായ മറ്റ് അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കടുത്ത ജലക്ഷാമം, വൃത്തിഹീനമായ കുളിമുറികൾ, ജീവനക്കാരുടെ കുറവ്, സിസിടിവി ക്യാമറകളുടെ അഭാവം എന്നിവയും ഇതിൽപ്പെടുന്നു.
പിഎസ്സി, യുപിഎസ്സി തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന നിരവധി ഉദ്യോഗാർഥികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്. ഹോസ്റ്റലിലെ ദുരവസ്ഥ നേരിട്ട് ബോധ്യപ്പെട്ട മുഖ്യമന്ത്രി വിജയ്, വിദ്യാർഥികൾ ഉന്നയിച്ച എല്ലാ പ്രശ്നങ്ങൾക്കും അടിയന്തരമായി പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകി.
പരാതികളിൽ ഉടനടി കർശനമായ നടപടികൾ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദേശവും നൽകിയാണ് മടങ്ങിയത്.