കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ഥികള്‍ക്കു സെമസ്റ്റര്‍ പരീക്ഷയെഴുതാനാകില്ല. ഫീസ് ഈടാക്കി പരീക്ഷയെഴുതാന്‍ അനുമതി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
ഇന്ന് ആരംഭിക്കുന്ന പരീക്ഷയെഴുതാന്‍ അനുവാദം നല്കിയതു ചോദ്യം ചെയ്ത് സര്‍വകലാശാലയും വിസിയും നല്കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റീസുമാരായ അനില്‍. കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പരീക്ഷയെഴുതാനും ഹാജര്‍ വ്യവസ്ഥ ഇളവിനുമായും വിദ്യാര്‍ഥികള്‍ അപേക്ഷ നൽകിയിരുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. ഇക്കാര്യം കോടതിയും അംഗീകരിച്ചു. ഇതടക്കം നിയമപരമായി പാലിക്കേണ്ട നടപടികള്‍ സ്വീകരിക്കാതെ പരീക്ഷയെഴുതാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതു നിലനില്‍ക്കില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സര്‍വകലാശാലയുടെ നിലപാട് ആരായാതെയാണു വിദ്യാര്‍ഥികളുടെ ഉപഹര്‍ജി പരിഗണിച്ച് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സമരവുമായി ബന്ധപ്പെട്ട അതിക്രമത്തിന്റെ പേരില്‍ 16 വിദ്യാര്‍ഥികളെയാണു സര്‍വകലാശാല സെപ്റ്റംബര്‍ ഒന്നിന് സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ ആറു ഗവേഷണ വിദ്യാര്‍ഥികൾ ഒഴികെയുള്ളവര്ക്കാണു പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്.
രണ്ടുമാസം കഴിഞ്ഞിട്ടും സസ്പെന്ഷന് പിന്‍വലിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ഥികളുടെ ഹര്‍ജി. സസ്പെന്‍ഷനെതിരേ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.