കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ഏക വാം അപ്പ് മത്സരത്തിന്റെ ആദ്യദിനം ടീം ഇന്ത്യ നിറംമങ്ങിയ പ്രകടനവുമായി കളംവിട്ടു. ത്രിദിന സന്നാഹ മത്സരത്തില്‍ ശ്രീലങ്ക ഇലവന് ഭേദപ്പെട്ട സ്കോര്‍.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഇലവന് ആദ്യദിനം മത്സരം അവസാനിപ്പിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടി. കൈവിരലിനു പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കരയ്ക്കിരുന്നപ്പോള്‍, കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിച്ചത്. സ്കോര്‍: ശ്രീലങ്ക ഇലവന് 90 ഓവറില്‍ 363/8.
മികച്ച തുടക്കം
ശ്രീലങ്ക ഇലവനുവേണ്ടി ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ (66), രവീന്ദു രസന്ദ (71) സഖ്യം 110 റണ്‍സിന്റെ കൂട്ടുകെട്ടു പടുത്തുയര്‍ത്തി. തുടര്‍ന്നെത്തിയ പസീന്ദു സൂരിയബണ്ഡാര (35), പവന് രത്നായക് (39), അഹാന് വിക്രമസിംഗെ (31) എന്നിവര്‍ പൊരുതി.
ക്യാപ്റ്റന്‍ സോണാള്‍ ദിനുഷ (52) അര്‍ധസെഞ്ചുറിയുമായി മുന്നേറിയപ്പോള്‍ രമേശ് മെന്‍ഡിസ് (32) ഭേദപ്പെട്ട പ്രകടനം നടത്തി. അന്ജല ബണ്ഡാര (13) വേഗത്തില്‍ മടങ്ങി. കേശര നുവാന്തയും (9*) ദിലും സുദീരയും (1*) രണ്ടാംദിനമായ ഇന്നു ക്രീസിലെത്തും.
ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുഥാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് വിക്കറ്റ് നേടാനായില്ലെന്നത് നിരാശ പകര്‍ന്നു.
ശ്രീലങ്കന്‍ ടൂറിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം 15ന് ഗാല്ലെയില്‍ നടക്കും. രണ്ടാം മത്സരം 23ന് കൊളംബോയിലാണ്.
ഗില്ലിന്റെ പരിക്ക്, ആശങ്ക
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ മത്സരങ്ങളാണ് ഇന്ത്യ, ശ്രീലങ്കയില്‍ കളിക്കാനൊരുങ്ങുന്നത്. വാം അപ്പ് മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈവിരലിനു പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കപടര്‍ത്തി.
സന്നാഹ മത്സരത്തിന്റെ ആദ്യദിനം ശുഭ്മാന്‍ ഗില്‍ പരിക്കിനെത്തുടര്‍ന്ന് കളത്തിലിറങ്ങിയില്ല. ഗില്ലിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുന്നത്.
രണ്ടാംദിനമായ ഇന്ന് ഗില്‍ മൈതാനത്ത് എത്തുമോ എന്നതില്‍ ഉറപ്പില്ല. അതേസമയം, പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റു പുറത്തായിരുന്നു. ബി. സായ്സുദര്‍ശനും പരിക്കിന്റെ നിഴലിലാണ്. ഇതിനു പിന്നാലെ ഗില്ലും പുറത്തിരുന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു ലങ്കന്‍ മണ്ണില്‍ മങ്ങലേല്‍ക്കും.