ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പോരാട്ട വീര്യമായ 40 സുഖോയ്-30എംകെഐ യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമുള്ള നിർണായക നിർദേശം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം ചർച്ച ചെയ്യും. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഈ പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 20 വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്താൻ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഇപ്പോൾ അത് 40 ആയി ഉയർത്തിയിരിക്കുന്നത്. വ്യോമസേനയുടെ പക്കലുള്ള 260 ഓളം സുഖോയ് വിമാനങ്ങളുടെ പ്രവർത്തനക്ഷമതയും ആയുസും വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള വിമാനങ്ങളുടെ ആയുസ് വർധിപ്പിച്ച് അവയെ യുദ്ധസജ്ജമാക്കി നിർത്തുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ.